Site icon Janayugom Online

ബിജെപി സര്‍ക്കാരിന് അഴീക്കോട്ടെ വീടും സ്ഥലവും, ഇടത് സര്‍ക്കാരിന് അരക്കോടി; കെ എം ഷാജിയെ പരിഹസിച്ച് കെ ടി ജലീല്‍

മുസ്‌ലിംലീഗ് നേതാവ് കെ എം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പരിഹാസവുമായി കെ ടി ജലീല്‍ എംഎല്‍എ. ദുരിതാശ്വാസ നിധിയിലേക്ക് നയാപൈസ കൊടുക്കരുതെന്ന് പറഞ്ഞ തന്റെ പഴയ സഹപ്രവര്‍ത്തകന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് അരക്കോടിയോളം രൂപ കൊടുക്കേണ്ടി വന്നുവെന്ന് കെ ടി ജലീല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇഡിക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം ഹദിയ (സമ്മാനം) നല്‍കിയിരുന്നുവെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.ബിജെപി സര്‍ക്കാരിന് അഴീക്കോട്ടെ വീടും സ്ഥലവും, ഇടത് സര്‍ക്കാരിന് അരക്കോടി. ഇഞ്ചിക്കൃഷി നടത്തി ഇങ്ങനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം, കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ വിജിലന്‍സ് പിടികൂടിയ പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വിജിലന്‍സിന് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു.

വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദമാണ് കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് പണം കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ വിജിലന്‍സ് പിടിച്ചെടുത്തത്.

Eng­lish Summary:
House and land for the BJP gov­ern­ment, half a crore for the Left gov­ern­ment; KT Jalil mock­ing KM Shaji

You may also like this video:

Exit mobile version