Site icon Janayugom Online

വീടു നിര്‍മ്മാണം: മണ്ണ്‌ മാറ്റാനുള്ള അനുമതി ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌

മൂവായിരം ചതുരശ്രയടി വരെയുള്ള വീടുകളുടെ നിർമ്മാണത്തിന്‌ മണ്ണ്‌ മാറ്റാനുള്ള അനുമതി ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാം. നിലവിൽ മണ്ണ്‌ മാറ്റാൻ മൈനിങ്‌ ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണമായിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ഡെവലപ്‌മെന്റ്‌ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്‌ ജിയോളജി വകുപ്പ്‌ അനുമതി നൽകിയിരുന്നത്‌. ഇത്‌ ജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ്‌ നടപടി.
മണ്ണ്‌ മാറ്റാനുള്ള ഫീസ്‌ ഓൺലൈനായി ജിയോളജി വകുപ്പിൽ അടയ്‌ക്കാനാകും. ഇതടക്കമുള്ള ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചതായി മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്ത സാഹചര്യങ്ങളിൽ മണ്ണ്‌ മാറ്റാനും സർക്കാർ സ്ഥലങ്ങളിൽനിന്നുള്ള പരസ്‌പര മണ്ണ്‌ മാറ്റത്തിനും ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമില്ല. ക്വാറികളുടെ റോയല്‍റ്റി ഇരട്ടിയാക്കി പുതുക്കാനാകും. നേരത്തെ ഖനന മേഖലയുടെ വിസ്‌തീർണം കണക്കാക്കി റോയല്‍റ്റി നിശ്‌ചയിച്ചിരുന്നത്‌ ധാതുവിന്റെ അളവിനനുസരിച്ചാക്കി. 

അനധികൃത ഖനനത്തിന്‌ റോയല്‍റ്റിയുടെ രണ്ടു മടങ്ങായിരുന്ന പിഴ നാലാക്കി വർധിപ്പിച്ചു. ക്വാറി പെർമിറ്റ്‌ കാലാവധി ഒരു വർഷം എന്നത്‌ മൂന്നു വർഷമാക്കി. ഒരു ഹെക്ടറിൽ കൂടുതലുള്ള സ്ഥലത്തെ ക്വാറി ലൈസൻസ്‌ കാലാവധി 12 വർഷമായിരുന്നത്‌ 15 ആക്കി. കാലാവധിക്കു ശേഷം ഖനനത്തിനുള്ള പിഴ 25,000ൽനിന്ന്‌ മൂന്നു ലക്ഷമായും ഡെപ്പോസിറ്റ്‌ ഒരു ലക്ഷത്തിൽനിന്ന്‌ അഞ്ചു ലക്ഷമായും ഉയർത്തി. ഖനന വസ്‌തുവിന്റെ മൂല്യവർധന അനുസരിച്ച്‌ റോയല്‍റ്റിയിൽ മാറ്റമുണ്ടാകും. ധാതു വിപണനം ചെയ്യുന്ന ക്രഷർ യൂണിറ്റുകൾക്ക്‌ ലൈ­സൻസും ക്വാറികളിൽ വെയിങ്‌ ബ്രിഡ്‌ജും നിർബന്ധമാക്കി. 15 അസിസ്റ്റന്റ്‌ ജിയോളജിസ്‌റ്റ്‌ പോസ്റ്റുകൾക്ക്‌ അംഗീകാരം നൽകി. ഇവർ ഒരുമാസം പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കും. അനധികൃത ഖനനം കണ്ടെത്താൻ ഇനി എല്ലാ ജില്ലയിലും സ്‌ക്വാഡ്‌ ഉണ്ടാകും. ക്വാറികളിലെ പരിശോധനയ്ക്ക്‌ ഡ്രോൺ സംവിധാനം ഏർപ്പെടുത്തും. പുതിയ നിയമ ഭേദഗതിയും റോയൽറ്റി ഡിവിഷനും ഇന്ന് നിലവിൽ വരും കുടിശിക അടയ്ക്കാൻ അദാലത്ത്‌ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടർ എൻ ദേവിദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: House con­struc­tion: Local bod­ies are now allowed to change soil

You may also like this video

Exit mobile version