Site iconSite icon Janayugom Online

പുതിയ കാലത്തിന് അനുസൃതമായ ഭവനനയം രൂപീകരിക്കും: മന്ത്രി കെ രാജൻ

കേരളത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവനനയം രൂപീകരിക്കുമെന്ന് റവന്യു — ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ പുതിയതായി പ്രവേശിച്ച എന്‍ജിനീയർമാർക്കുള്ള പരിശീലനം തിരുവനന്തപുരം സെന്റർ ഫോർ മാനേജ് ഡെവലപ്മെന്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അടക്കമുള്ള ജനകീയ സ്ഥാപനങ്ങൾ സി അച്യുതമേനോന്റെ ഭരണ മികവിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായവയാണ്. 

തൃശൂരിൽ മുളംങ്കുന്നത്തുകാവിൽ ഭവന നിർമ്മാണ ബോർഡിന് ബൃഹത്തായ പരിശീലനം കേന്ദ്രം സ്ഥാപിക്കും. അതുവഴി സംസ്ഥാനത്ത് വിവിധ നിർമ്മാണ വകുപ്പുകളിലായി ജോലി ചെയ്യുന്ന സാങ്കേതിക ഉദ്യോഗസ്ഥർക്ക് വർഷം തോറും പരിശീലനം നൽകുവാനും സാധിക്കും. മികവിന്റെ കേന്ദ്രമാക്കി ഈ കേന്ദ്രത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനും ഈ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൗസിങ് കമ്മിഷണർ എൻ ദേവീദാസ് , ചീഫ് എന്‍ജിനീയർ കെ പി കൃഷ്ണകുമാർ, സിഎംഡി കോർഡിനേറ്റർ പ്രൊഫ. കെ വർഗ്ഗീസ്, ഡോ. എ സതീശൻ എന്നിവർ പങ്കെടുത്തു. 

ENGLISH SUMMARY:Housing pol­i­cy to be mod­ern­ized: Min­is­ter K Rajan
You may also like this video

Exit mobile version