വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികള്‍ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്
തരംഗ ദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് — C (UVC) >290nm
2. അള്‍ട്രാ വയലറ്റ് — B (UVB) 290–320nm
3. അള്‍ട്രാ വയലറ്റ് — A (UVA) 320–400nm
ഇവ മൂന്നും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ — 400–700nm തരംഗ ദൈര്‍ഖ്യത്തിലുള്ളതാണ്.
5. ചൂട് നല്‍കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട് — കാലാവസ്ഥ മാറ്റം, ഭൂ പ്രകൃതി, സൂര്യോദയവും അസ്തമായവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു. ഫലത്തില്‍ UVA യും UVB യും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍.
UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍
1. പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍
Polymorphous Light eruption (PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30–40 വയസ്സിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്. സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക. മുഖത്ത് വരുന്നത് കുറവാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്‍മ്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്‍സ്‌ക്രീന്‍സും (sun screens), steroid അടങ്ങിയ ലേപനങ്ങളും നല്‍കാം. ഉള്ളില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍, അസുഖം രൂക്ഷമാണെങ്കില്‍ കൊടുക്കാറുണ്ട്.
2. ക്രോണിക്, ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ്
Chronic Actinic dermatitis
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം. ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്‌പോറിന്‍, അസാതയോപ്രിന്‍ പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും കൊടുക്കാറുണ്ട്.
3. സോളാര്‍ അര്‍ട്ടിക്കേരിയ
Solar urticaria
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും. പക്ഷെ ചിലര്‍ക്ക് പ്രശ്‌നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള്‍ ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്. ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
4. ഫോട്ടോ ടോക്‌സിസിറ്റി
Photo toxicity
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകള്‍ ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്‌സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്‌ക്രീനുകളും ആവശ്യമാണ്.
5. ഫോട്ടോ അലര്‍ജി
Photo allergy
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്‌ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മ്മരോഗം ഉണ്ടാകുന്നത് അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യമാണ്. Photo patch test എന്ന ഒരു test നടത്തിയാല്‍ ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
1. വിവരശേഖരണം
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള്‍ നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം. കാരണം ചില ജനിതക രോഗങ്ങള്‍, eg: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ത്ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചര്‍മ്മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
2. പരിശോധന
ശരീരം മുഴുവന്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയില്‍ അധികം കൊള്ളാത്ത ഇടങ്ങളായ കണ്‍പോളകള്‍, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്‌വശം ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്‍ക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍ പെട്ട ഫോട്ടോ ഡെര്‍മറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും.
എന്നിട്ടും ശരിയായ ഒരു Diagnosis എത്താനായില്ലെങ്കില്‍ Skin biopsy ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും. അതിന്റെ കൂടെ രക്തപരിശോധനകള്‍, Patch testing, എന്നിവയും നടത്തണം. രോഗനിര്‍ണ്ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
1. രോഗിയെ പറഞ്ഞു മനസ്സിലാക്കുക
10am-4pm വെയില്‍ ഒഴിവാക്കാന്‍ ഉപദേശിക്കുക UV radiation ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുക paramine benzoic acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവ് വരെ ഈ ചര്‍മ്മരോഗങ്ങള്‍ തടയാനാവും.വെയിലേല്‍ക്കുന്നതിന് 20–30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്.
ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന്‍, ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്‌ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മ്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
ഡോ. ശ്രീരേഖ പണിക്കര്‍
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്
എസ് യു ടി ആശുപത്രി പട്ടം