ലോകത്തെ മിക്ക രാജ്യങ്ങളിലും നിശ്ചിത ഇടവേളകളില്‍ സെന്‍സസ് നടക്കാറുണ്ട്. ഇന്ത്യയില്‍ 1881 മുതല്‍ 2011വരെ സെന്‍സസ് നടന്നു. 10 വര്‍ഷത്തെ ഇടവേളകളിലാണ് സെന്‍സസ് നടത്തിയിരുന്നത്. ഓരോ രാജ്യത്തും നടക്കുന്ന സെന്‍സസ് കണക്കുകള്‍ ക്രോഡീകരിച്ചാണ് ഐക്യരാഷ്ട്രസഭയുടെ ‘ലോകജനസംഖ്യാ റിപ്പോര്‍ട്ട് 2023’ ഏപ്രില്‍ 19ന് പുറത്തുവന്നത്. സെന്‍സസ് നടക്കാത്ത രാജ്യങ്ങളിലെ കണക്കെടുക്കുന്നത്, ഏറ്റവും അവസാനം നടന്ന സെന്‍സസ് മാനദണ്ഡമാക്കി, ശാസ്ത്രീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ്. ആ കണക്ക് പൂര്‍ണതയുള്ളതാകില്ല എന്ന കാര്യം ഉറപ്പാണ്. ലോകജനസംഖ്യയില്‍ ചെെനയെ മറികടന്ന് ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യ ഒന്നാമതെത്തുന്നത് സെന്‍സസിന്റെ പിന്‍ബലമില്ലാത്ത അപൂര്‍ണമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. 2011ല്‍ ഇന്ത്യയില്‍ നടന്ന സെന്‍സസില്‍ പോലും 2.84 കോടി പേര്‍ കണക്കില്‍പ്പെടാതെ പോയിട്ടുണ്ടെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരു രാജ്യത്തെ സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാനാണ് സെന്‍സസ് നടത്തുന്നത്. ഇന്ത്യയില്‍ 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ഇനി എന്നു നടക്കുമെന്ന് ആര്‍ക്കുമറിയില്ല. ഏതായാലും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ തുടരുന്നിടത്തോളം സെന്‍സസ് നടക്കാന്‍ ഒരു സാധ്യതയില്ല. കാരണം ഭരണകൂടം സെന്‍സസിനെ ഭയപ്പെടുന്നു. ലോകത്ത് കോവിഡിന്റെ കാലത്തുതന്നെയാണ് അമേരിക്ക, ചെെന, ബ്രിട്ടന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി 40ലധികം രാജ്യങ്ങളില്‍ സെന്‍സസ് നടന്നത്. രണ്ടാം ലോകമഹായുദ്ധം നടന്നിരുന്ന ഘട്ടത്തില്‍ പോലും ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകളും സമ്മേളനങ്ങളും പ്രകടനങ്ങളും എല്ലാം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്താണ് കോവിഡിന്റെ പേരില്‍ സെന്‍സസ് അനിശ്ചിതമായി നീട്ടിക്കൊണ്ടിരിക്കുന്നത്. സെന്‍സസ് നടക്കുകയും അതിലെ വിവരങ്ങള്‍ പുറത്തുവരികയും ചെയ്താല്‍, രാജ്യത്തിന്റെ അടിസ്ഥാന വിവരങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിയും കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്ന കണക്കുകള്‍ കള്ളമായിരുന്നു എന്ന വിവരം ജനം മനസിലാക്കുമെന്ന് അവര്‍ക്ക് കൃത്യമായിട്ടറിയാം.
ഇതുകൂടി വായിക്കൂ: ജനസംഖ്യാനുപാതികമായ ലാഭവിഹിതം
രാജ്യത്ത് എത്ര മനുഷ്യരുണ്ട്, അതില്‍ സ്ത്രീകള്‍ എത്ര പുരുഷന്മാര്‍ എത്ര, വൃദ്ധസമൂഹം എത്ര, കുട്ടികളെത്ര, ജനജീവിതത്തിന്റെ നിലവാരമെന്ത്, സാമ്പത്തികവളര്‍ച്ചയുടെ തോത് എന്താണ്, രാജ്യത്തിന്റെ പൊതുവായ വളര്‍ച്ച സാധാരണ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു, എത്രപേര്‍ക്ക് വീടുണ്ട്, എത്ര വീടുകളില്‍ വെെദ്യുതിയുണ്ട്, എത്ര കുടുംബങ്ങള്‍ക്ക് ശുദ്ധജലം കിട്ടുന്നു, തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ എത്ര, നാട്ടിന്‍പുറത്തെ സ്ഥിതിയെന്ത്, പട്ടണങ്ങളിലെ സ്ഥിതിയെന്ത്, അക്ഷരമറിയാത്തവര്‍ എത്ര ശതമാനം, സ്ത്രീസമൂഹത്തിന്റെ സ്ഥിതി, പോഷകാഹാരം കിട്ടാത്തവര്‍, അംഗപരിമിതരുടെ സ്ഥിതി, ഓരോ മതത്തിലും വിശ്വസിക്കുന്നവര്‍ എത്ര, കുടിയേറ്റക്കാര്‍, സംസാരഭാഷകള്‍ ഏതൊക്കെ, ഇങ്ങനെ ഒട്ടേറെ വിവരങ്ങളാണ് സെന്‍സസിലൂടെ സമാഹരിക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ പൊതുവിതരണം, സബ്സിഡി വിതരണം, നികുതിപിരിക്കല്‍, സര്‍ക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തല്‍, ജനസംഖ്യാ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കല്‍, സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിക്കല്‍, ദുരന്തനിവാരണം ഫലപ്രദമായി നടത്തല്‍ ഇവയ്ക്കെല്ലാം സെന്‍സസ് പ്രയോജനകരമായി മാറും. ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള സെന്‍സസുകള്‍ക്ക് പൊതുവെ നല്ല ആധികാരികത ലഭിച്ചിട്ടുണ്ട്. 1948ലെ സെന്‍സസ് നിയമപ്രകാരമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പുത്തന്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനാല്‍ സെന്‍സസിന്റെ നടത്തിപ്പും ഡാറ്റ പ്രോസസിങ്ങുമെല്ലാം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ കൃത്യതയുള്ളതും വേഗതയുള്ളതുമായി മാറും എന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയില്‍ ജാതി ഒരു യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞെങ്കിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം മാറിയിട്ടില്ല. ഇപ്പോള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ശരാശരി ആയുര്‍ദെെര്‍ഘ്യം 68 വയസാണെങ്കിലും പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ അഞ്ചും ആറും വര്‍ഷം നേരത്തെ മരിക്കുന്നു എന്നതാണവസ്ഥ. അതേസമയം സവര്‍ണവിഭാഗവും സമ്പന്നവിഭാഗവും ഉയര്‍ന്ന ഉദ്യോഗസ്ഥ വിഭാഗവും ഏഴും എട്ടും വര്‍ഷം കൂടുതല്‍ ജീവിക്കുകയും ചെയ്യുന്നു.
ഇതുകൂടി വായിക്കൂ: ഭക്ഷ്യസുരക്ഷാവലയം വിപുലമാക്കണം
രാജ്യത്തെ മുസ്ലിം ജനസംഖ്യ കുതിച്ചുയരുന്നു എന്നാണ് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്ലിം സമുദായത്തിന്റെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായി, പിന്നാക്ക സമുദായത്തില്‍ വന്ന മാറ്റമെന്ത്, പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിന്റെ ജീവിതം എങ്ങനെ മാറി, കേന്ദ്രസര്‍വീസിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്നവരില്‍ ഓരോ സമുദായത്തിന്റെയും പ്രാതിനിധ്യം എത്രയാണ് തുടങ്ങിയ വിവരങ്ങളെല്ലാം പുറത്തുവരണമെങ്കില്‍ ജാതിതിരിച്ചുള്ള സെന്‍സസ് കൂടി അനിവാര്യമാണ്.
ജാതി തിരിച്ചുള്ള സെന്‍സസ് എന്ന ആവശ്യം മുമ്പ് ഉയര്‍ന്നുവന്നപ്പോഴൊക്കെ, കോണ്‍ഗ്രസ് മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ജാതി സെന്‍സസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഐ, സിപിഐ(എം), ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ്‌വാദി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, ബിഎസ്‌പി, ആം ആദ്മി പാര്‍ട്ടി, എന്‍സിപി, ബിജെപി, വെെഎസ്ആര്‍ കോണ്‍ഗ്രസ്, ബിആര്‍എസ് (തെലങ്കാന) തുടങ്ങി രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജാതി സെന്‍സസിനെ അനുകൂലിച്ചിരിക്കുകയാണ്. ബിജെപി മാത്രമാണ് ഇതിന് എതിരുനില്‍ക്കുന്നത്. സെന്‍സസ് നീട്ടിക്കൊണ്ടു പോകുന്നതിന്റെ ഒരു കാരണം ജാതി സെന്‍സസ് എന്ന ആവശ്യമാണ് എന്നത് വ്യക്തം.
2023 ജൂണ്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നും അങ്ങനെ ഇന്ത്യ, ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നുമാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. 142.57 കോടി ജനങ്ങളുമായി ചെെന രണ്ടാം സ്ഥാനത്താകും. ചെെനയെക്കാള്‍ കൂടുതലായി 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയിലുണ്ടാകും. ഇന്ത്യക്കും ചൈനക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്, 34.12 കോടി. കഴിഞ്ഞ 12 വര്‍ഷം കൊണ്ട് ലോകജനസംഖ്യയില്‍ 100 കോടിയുടെ വര്‍ധനവുണ്ടായി. ഇതില്‍ ഇന്ത്യയുടെ വിഹിതം 17.7 കോടിയാണെങ്കില്‍ ചൈനയുടേത് 7.31 കോടി മാത്രമാണ്. 2022ലാകട്ടെ ചൈനയില്‍ 8.52 ലക്ഷം ജനങ്ങളുടെ കുറവുണ്ടായി. അവിടെ ജനനനിരക്ക് കുറയുകയും മരണനിരക്ക് കൂടുകയും ചെയ്യുന്നു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യമാണ് ഇന്ത്യ. മൊത്തം ജനസംഖ്യയുടെ 26 ശതമാനം 10നും 24നും ഇടയില്‍ പ്രായമുള്ളവരാണ്. അമേരിക്കയില്‍ ഇത് 19 ശതമാനവും ചൈനയില്‍ 18 ശതമാനവുമാണ്. പക്ഷെ, ഇതൊരു സാധ്യതയായി മാറ്റാന്‍ നമുക്കു കഴിയുമോ എന്നതാണ് കാതലായ സംഗതി. 22.43 കോടി ജനങ്ങള്‍ക്ക് ആവശ്യത്തിന് പോഷകാഹാരമില്ലാത്ത രാജ്യമാണ് ഇന്ത്യ. പട്ടിണി, പോഷകാഹാരക്കുറവ്, നിരക്ഷരത, ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം, തൊഴിലില്ലായ്മ, സ്ത്രീകളോടുള്ള വിവേചനം, നേരത്തെ മരിക്കുന്നവരുടെ എണ്ണം, വീടില്ലാത്തവരുടെ എണ്ണം, സ്ഥിരവരുമാനം ഇല്ലാത്തവരുടെ എണ്ണം തുടങ്ങി നിരവധി കാര്യങ്ങളില്‍ ലോകത്ത് ലജ്ജാകരമായ ഒന്നാം സ്ഥാനം കൊണ്ടുനടക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.
രാജ്യത്തിന്റെ പൊതുഅവസ്ഥയില്‍ നിന്ന് പല കാര്യങ്ങളിലും വേറിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2011 ലെ സെന്‍സസിനു ശേഷം രാജ്യത്ത് ജനസംഖ്യയില്‍ 16.30 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ കേരളത്തിലെ വര്‍ധനവ് 4.52 ശതമാനം മാത്രമാണ്. അതിന്റെ ഫലമായി കേരളം ഒരു വൃദ്ധസമൂഹമായി മാറുന്നു എന്ന യാഥാര്‍ത്ഥ്യവും കാണണം. 60 വയസില്‍ കൂടുതലുള്ള 62 ലക്ഷം മനുഷ്യരാണ് ഈ കൊച്ചു കേരളത്തിലുള്ളത്.
ഇതുകൂടി വായിക്കൂ: കുഞ്ഞന്‍പിള്ളസാറും ഭാര്‍ഗവിഅമ്മയും
കേരളം കൈവരിക്കുന്ന നേട്ടങ്ങള്‍കൊണ്ട് കേരളത്തെത്തന്നെ വീര്‍പ്പുമുട്ടിക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനു പ്രധാനമായും സെന്‍സസ് കണക്കുകളെയാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം നിശ്ചയിക്കുന്നതിന് 15-ാം ധനകാര്യ കമ്മിഷന്‍ സ്വീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട മാനദണ്ഡങ്ങള്‍ ജനസംഖ്യ, വിസ്തീര്‍ണം, വനവിസ്തൃതി, പരിസ്ഥിതി മുതലായവയാണ്. പട്ടിണി, നിരക്ഷരത മുതലായ നിരവധി പ്രശ്നങ്ങള്‍ക്ക് കേരളം പരിഹാരം കണ്ടെത്തി എന്നതിന് ഒരു പരിഗണനയും ധനകാര്യ കമ്മിഷനും കേന്ദ്ര സര്‍ക്കാരും നല്കുന്നില്ല. കേന്ദ്ര നികുതിയിലൂടെ കേരളത്തില്‍ നിന്നും 100 രൂപ പിരിച്ചെടുത്തിട്ട്, സംസ്ഥാനത്തിന് വിഹിതമായി നല്കുന്നത് 57 രൂപ മാത്രമാണ്. അതേസമയം യുപിക്ക് 273 രൂപയും ബിഹാറിന് 706 രൂപയും ഇങ്ങനെ നല്കിയിട്ടുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കില്‍ കേരളത്തിന് 2.77 ശതമാനം കേന്ദ്ര വിഹിതം കിട്ടേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം കിട്ടിയത് 1.93 ശതമാനം മാത്രം.
സെന്‍സസ്, ജാതി സെന്‍സസ്, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ വലിയ ചര്‍ച്ചയും വിവാദങ്ങളും സംഘര്‍ഷങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകാനാണ് സാധ്യത. പക്ഷെ, ഇവിടെ മിക്കവരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മണ്ഡല്‍ കമ്മിഷനും സംവരണ വ്യവസ്ഥയ്ക്കും എന്തു പ്രസക്തിയാണ് ഇപ്പോള്‍ ഉള്ളത്? കേന്ദ്ര സര്‍വീസില്‍ മാത്രം 11 ലക്ഷം സ്ഥിരം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലാകെ 23 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സംവരണത്തിന്റെ പ്രയോജനം കിട്ടുന്നവര്‍ക്കും കിട്ടാത്തവര്‍ക്കും പ്രാപ്തി തെളിയിക്കാന്‍ കഴിഞ്ഞാലും സര്‍വീസില്‍ പ്രവേശിക്കാനുള്ള സാധ്യത വിരളമായിരിക്കുന്നു. സംവരണ‑ജാതി സെന്‍സസ് വിഷയങ്ങളില്‍ കലഹം കൂട്ടാന്‍ തയ്യാറെടുക്കുന്നവരുടെ മനസില്‍ ഈ യഥാര്‍ത്ഥ്യം കൂടി ഉണ്ടായിരിക്കണം.