സമീപകാലത്ത് ദി ഗ്ലോബൽ റിപ്പോർട്ട് ഓൺ ദി ഫുഡ് ക്രെെസിസ് (ജിആർഎഫ്‌സി-2023) എന്ന ഒരു രേഖ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്, 2022ൽ 793 ദശലക്ഷം വരുന്ന ലോകജനതയിൽ 691 ദശലക്ഷം പേർ പട്ടിണിയിലായിരുന്നു എന്നാണ്. കോവിഡ് നിലവിലിരുന്ന രണ്ട് വർഷക്കാലയളവിൽ ഭക്ഷ്യരംഗത്ത് അരക്ഷിതാവസ്ഥ ഇത്രയും നിലവിലുണ്ടായിരുന്നില്ല. പ്രതിസന്ധി രൂക്ഷമാകുമായിരുന്ന കാലഘട്ടത്തിൽ പ്രശ്നം മയപ്പെട്ടിരുന്നപ്പോൾ, തുടർന്നുള്ള സമയത്താണ് ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നത്. നടപ്പുവർഷത്തെ സ്ഥിതിയും ഒട്ടും ആശ്വാസകരമല്ല. വിചിത്രമായ അവസ്ഥ എങ്ങനെ ഉണ്ടായി എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ഒന്നാമത്, കോവിഡിന്റെ വരവും തുടർന്നുണ്ടായ ലോക്ഡൗണുകളും വരുത്തിവച്ച സാമ്പത്തിക ദുരന്തം. രണ്ട്, റഷ്യയുടെ ഉക്രെയ്ൻ സെെനികാക്രമണം സൃഷ്ടിച്ച പ്രതിസന്ധികൾ. ഇതിന്റെ ഫലമായി ഭക്ഷ്യപ്രതിസന്ധിയും കാർഷികോല്പന്ന ലഭ്യതയിലുണ്ടായ തകർച്ചയും ഇതിൽനിന്നും ഇന്ത്യക്ക് മാത്രം വിട്ടുനിൽക്കാൻ കഴിയാതെവരികയും ചെയ്തു.
ഭക്ഷ്യസുരക്ഷ എന്നതിന് 1996ലെ ആഗോള ഭക്ഷ്യ ഉന്നതതലം നല്‍കിയിരിക്കുന്ന നിർവചനം: ‘എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യപൂർണവുമായ ജീവിതം നിലനിർത്തുന്നതിനാവശ്യമായ പോഷകാഹാരമടങ്ങിയ ഇഷ്ടഭക്ഷണം ലഭ്യമാകുന്ന വിധത്തിൽ ഭൗതികവും സാമ്പത്തികവുമായ ലഭ്യത യാഥാർത്ഥ്യമായിരിക്കുക എന്ന അവസ്ഥാവിശേഷം’ എന്നാണ്. ഭക്ഷ്യസുരക്ഷ അതിന്റെ പൂർണരൂപത്തിൽ എത്തുകയെന്നത് അത്യപൂർവമായൊരു അനുഭവം തന്നെ ആയിരിക്കും. ഭക്ഷ്യോല്പാദനത്തിന്റെ തോതും ജനസംഖ്യയുടെ വലിപ്പവും താരതമ്യം ചെയ്തതിന് ശേഷം ഉരുത്തിരിയുന്നൊരു ചിത്രമായിരിക്കും നമുക്ക് ലഭിക്കുക.
ഇതുകൂടി വായിക്കൂ: വിശപ്പ് ഭരിക്കുന്നു; സമ്പത്ത് കുന്നുകൂടുന്നു
ആഗോള റിപ്പോർട്ടിന്റെ തുടക്കത്തിൽ നല്‍കുന്ന സൂചന വിശപ്പ് എന്നത് ആഗോളതലത്തിൽ ഭയാനക രൂപത്തില്‍ എത്തിയിട്ടുണ്ടെന്ന് കരുതാനാവില്ല എന്നാണ്. അതേസമയം, ഈ ഭീഷണി കോവിഡ്പൂർവ കാലയളവിലുണ്ടായിരുന്നതിലേറെ ഉയരത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. സീറോ ഹങ്കർ അഥവാ വിശപ്പുരഹിത അവസ്ഥയില്‍ ലോകത്തെ കൊണ്ടെത്തിക്കുക എന്ന ലക്ഷ്യം അപ്രാപ്യമായ നിലയിൽ തുടരുകയാണ്. 2019 മുതൽ 20 വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ ഭക്ഷ്യ അരക്ഷിതത്വത്തിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ, ഈ രണ്ട് വർഷവും കോവിഡിന് മുമ്പുള്ളതിലും ഉയർന്ന തോതിലായിരുന്നു ദാരിദ്ര്യത്തിന്റെ വലിപ്പം. 2022ൽ വേണ്ടത്ര ഭക്ഷണം കിട്ടാത്ത 240 കോടി പേരാണുണ്ടായിരുന്നത്. ഇത് 2019ലെക്കാള്‍ 3.91 കോടി അധികമായിരുന്നു. ആഗോള വിശപ്പ് സൂചിക തിട്ടപ്പെടുത്താൻ മറ്റൊരു അളവുകോൽ പോഷകാഹാരക്കുറവാണ്. ഇതിൽ 2021 മുതൽ 22 വരെ, വലിയ മാറ്റമുണ്ടായതുമില്ല. 2019ൽ ഇത് ലോകജനസംഖ്യയില്‍ 7.9 ശതമാനത്തെയാണ് ബാധിച്ചിരുന്നതെങ്കിൽ 2022ൽ 9.2 ശതമാനത്തിലേക്കെത്തി.
അതേസമയം, നേരിയ ഒരു ആശ്വാസം നല്‍കുന്നത്, ശിശുക്കളുടെ വളർച്ചാമുരടിപ്പിൽ അല്പമായെങ്കിലും കുറവുണ്ടായി എന്നതാണ്. അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കിടയിൽ 2020നും 22നും ഇടയിൽ മുരടിപ്പിന് ഇരയായവരുടെ എണ്ണം കുറഞ്ഞത് 20.42 കോടിയില്‍ നിന്നും 14.81 കോടിയിലേക്കായിരുന്നു. പോഷകാഹാരം കിട്ടാത്തതിനെത്തുടർന്ന് ശോഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണത്തിലും നേരിയ ഇടിവുണ്ടായി. 2000–22 കാലയളവിലെ ഇടിവ് 54.1 ദശലക്ഷത്തില്‍ നിന്ന് 45 ദശലക്ഷത്തിലേക്കായിരുന്നു. അതേ അവസരത്തിൽ പൊണ്ണത്തടിയന്മാരുടെ എണ്ണത്തിൽ മോശമല്ലാത്ത തോതിലുള്ള വർധനവുണ്ടായതായും കാണുന്നു. 33 ദശലക്ഷത്തില്‍ (5.3 ശതമാനം) നിന്നും 37 ദശലക്ഷത്തിലേക്ക് (5.6 ശതമാനം).
ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് ലോകജനതയെ നയിക്കുന്ന മുഖ്യഘടകങ്ങൾ പലതാണ്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലെ മെല്ലെപ്പോക്ക് തന്നെയാണ് മുഖ്യകാരണം. ഇതിലേക്ക് നയിച്ചതോ, കോവിഡിന്റെ തരംഗങ്ങളും തുടർച്ചയായ ലോക്ഡൗണുകളും ആയിരുന്നു. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങളെന്ന നിലയിൽ വ്യാപകമായ തൊഴിലവസരനഷ്ടവും വരുമാനത്തകർച്ചയും ജനജീവിതം തകർത്തെറിയപ്പെടുകയും ചെയ്തു. ഇതോടൊപ്പം വിവേചനരഹിതമായ നിലയിൽ നടക്കുന്ന നഗരവല്‍ക്കരണ പ്രക്രിയയും പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നതിലേക്കാണ് നയിച്ചത്. ഇതേത്തുടർന്ന് നഗര‑ഗ്രാമ മേഖലകൾക്കിടയിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ പ്രകടമായിത്തീർന്നു. അസമത്വങ്ങൾ ഏറിയ തോതിൽ കാണാൻ കഴിഞ്ഞത് ഗ്രാമീണ മേഖലയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സ്വാഭാവികമായും ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ ബാധിച്ചത്, ഭക്ഷ്യോല്പാദനം നടന്നുവരുന്ന ഗ്രാമീണ ജനതയ്ക്കിടയിലായിരുന്നു എന്ന വെെരുധ്യം കൂടി പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.
ഇതുകൂടി വായിക്കൂ: എന്നു തീരും ഇന്ത്യയുടെ വിശപ്പ്
ഈ വിഷയത്തില്‍ പരിഹാരം കാണേണ്ടതിന് ആദ്യപടിയായി ചെയ്യേണ്ടത് എളുപ്പത്തിൽ വ്രണിതപ്പെടാനിടയുള്ള ജനവിഭാഗങ്ങളെ തിരിച്ചറിയുക എന്നതാണ്. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തുകയും അവയ്ക്ക് യുക്തമായ പരിഹാരം പ്രയോഗത്തിലാക്കുകയുമാണ്. പൊതുസമൂഹവും സ്വകാര്യ മേഖലയും ഈ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥമായ സഹകരണം ഉറപ്പാക്കിയേ തീരൂ. ഗുണമേന്മ ഏറിയതും ചെലവ് കുറഞ്ഞതുമായ ഭക്ഷണമാണ് സമൂഹത്തിലെ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കൃത്യമായി ലഭ്യമാക്കേണ്ടത്. മറ്റൊരു പരിഷ്കാരം, തെരുവ് കച്ചവടക്കാരുമായി ബന്ധപ്പെട്ടതാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് പെട്ടിവണ്ടികളിൽ, രാത്രികാലങ്ങളിൽ ഭക്ഷണം തയ്യാറാക്കി വില്പന നടത്തി ഉപജീവനം നേടുന്നത്. ആഗോളതലത്തിൽ ഈ വിഭാഗത്തിൽപ്പെടുന്നവർ 25 കോടി വരുമെന്നാണ് ഏകദേശ കണക്ക്. വില്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ട്. പോഷകാഹാര സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവിധ തലങ്ങളിൽ ഉല്പാദന‑വിതരണ ശൃംഖലയുടെ കണ്ണികൾ കൃത്യമായ മോണിറ്ററിങ്ങിന് വിധേയമാക്കപ്പെടണം.
ബൃഹത്തായ പദ്ധതി ഫലപ്രദമാക്കുന്നതിന് ഗ്രാമീണതലത്തിൽ വിശാലവും കാര്യക്ഷമവുമായ ആന്തരഘടനാ സംവിധാനം വേണം. വൻതോതിൽ പൊതുനിക്ഷേപവും വേണ്ടിവരും. പ്രശ്നപരിഹാര ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിലേക്കായി ബന്ധപ്പെട്ട ഭരണസമിതികൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായവും ഭരണപരമായ നേതൃത്വവും നല്‍കേണ്ട ബാധ്യത സംസ്ഥാന‑കേന്ദ്രസർക്കാരുകളുടേതാണ്. ഇവിടെയാണ് വികേന്ദ്രീകൃത ആസൂത്രണം ഏറ്റവുമധികം പ്രസക്തിയാർജിക്കുന്നതും കേരളം ഇതിനെല്ലാം മാതൃകയാകുന്നതും.