19 July 2024, Friday
KSFE Galaxy Chits Banner 2

വിശപ്പ് ഭരിക്കുന്നു; സമ്പത്ത് കുന്നുകൂടുന്നു

Janayugom Webdesk
July 17, 2022 5:00 am

ന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ജൂണിൽ 7.80 ശതമാനമായി ഉയർന്നു. ഹരിയാനയും രാജസ്ഥാനുമാണ് മുന്നിൽ. തൊഴിലില്ലായ്മാ നിരക്കില്‍ ദൃശ്യമായ ആശങ്കാജനകമായ കാര്യം മാസവേതനമുള്ള 2.5 ദശലക്ഷം പേരുടെ തൊഴില്‍ നഷ്ടമാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കാർഷിക മേഖലയിലാണ് തൊഴിലില്ലായ്മ കാര്യമായി വർധിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ ഇല്ലാഞ്ഞിട്ടും തൊഴിലില്ലായ്മ പൊതുവേ കൂടിയ ഗ്രാമീണ മേഖലകളിലേക്ക് തിരികെയെത്തുന്ന തൊഴിൽരഹിതരാണ് മറ്റൊരു ഘടകം. ഒപ്പം, കൂലിപ്പണിക്കാരെപ്പോലും ദുർബലമാക്കിയ സ്വകാര്യവല്ക്കരണവും കുത്തകവല്ക്കരണവും.
ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ 29.53 ശതമാനം സർക്കാർ ഓഹരി വിറ്റഴിക്കാൻ കേന്ദ്രം താല്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. പൊതുമേഖലാ ഓഹരികളുടെ വൻ തകർച്ചയിലേക്കും കുത്തകകളുടെ കൈകളിലെ മൂലധനം വർധിക്കുന്നതിലേക്കും നയിക്കുന്ന നടപടിയാണിത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശാസ്ത്രീയമായി വ്യാഖ്യാനിക്കേണ്ട പുതിയ തലത്തിൽ എത്തിയിരിക്കുന്നു. വ്യാവസായിക യുഗത്തിൽത്തന്നെ ശാസ്ത്ര‑സാങ്കേതിക വിപ്ലവം പുതിയ സാങ്കേതികവിദ്യയിലേക്ക് വഴിമാറിയിരിക്കുകയാണ്. ലെനിൻ ‘സാമ്രാജ്യത്വം: നാശോന്മുഖമായ മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന തന്റെ ലഘുകൃതിയില്‍ പറയുന്നതു പോലെ നമ്മുടെ രാജ്യത്തും ധനമൂലധനത്തിന്റെ അടിസ്ഥാന സവിശേഷതയായ സമ്പത്തിന്റെ ഏകീകരണത്തിനും കേന്ദ്രീകരണത്തിനും തുടക്കമായിരിക്കുന്നു. മുതലാളിത്തം കുത്തകവല്ക്കരണത്തിലൂടെ ധനമൂലധനത്തിലേക്ക് മാറുമ്പോൾ, അത് ലോകമെമ്പാടും നിക്ഷേപത്തിനുള്ള ഇടങ്ങൾ തേടും. യഥാര്‍ത്ഥത്തില്‍ സാമ്പത്തികം എന്നത് ഒരു സാങ്കേതിക പദപ്രയോഗം മാത്രമാണ്. അത് കൂടുതൽ വികസിക്കുമ്പോൾ, നിലവിലുള്ള വ്യവസായങ്ങൾ ഒന്നുകിൽ കുത്തകകളിലേക്ക് ലയിക്കുകയോ അല്ലെങ്കില്‍ സ്വയം ചുരുങ്ങി ഇല്ലാതാവുകയോ ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ തീ പടര്‍ത്തുമ്പോള്‍


സമ്പത്ത് കുന്നുകൂട്ടുന്നതിനായി സാങ്കേതികവിദ്യയെ ഉല്പാദന പ്രക്രിയയിൽ ഉപയോഗിക്കുമ്പോൾ കുത്തകേതര വിഭാഗങ്ങളുടെ ചെലവില്‍ വർധനയുണ്ടാകുന്നു. വിവിധ സാമ്പത്തികശക്തികളുടെ ലയനത്തോടെ ധനമൂലധനം ശക്തിപ്പെടുന്നു. കുത്തകവല്ക്കരണത്തിൽ മൂലധനത്തിന്റെ ഈ കേന്ദ്രീകരണം ആവശ്യമാണ്. മറ്റൊരു ശക്തിയെയും അത് വളരാന്‍ അനുവദിക്കില്ല. ഗ്രാമീണ‑നഗര പ്രദേശങ്ങളിലെ ഉപജീവനമാർഗങ്ങളായ കൃഷിയുടെയും ചെറുകിട‑ഇടത്തരം വ്യവസായങ്ങളുടെയും തകർച്ച വർധിക്കുമ്പോൾ കുത്തകവല്ക്കരണം കൂടുതൽ ശക്തിപ്പെടുകയും വിഭവങ്ങൾ ചിലരുടെ കെെകളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. വ്യവസായങ്ങൾ അടച്ചുപൂട്ടുകയും തൊഴിൽ നിരക്ക് കുറയുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുന്നു. പലരും ജീവിതം കൂട്ടിമുട്ടിക്കുവാൻ കിലോമീറ്ററുകൾ താണ്ടി അതികഠിനമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു.
സാധാരണ തൊഴിലാളികളുടെ അതേ പ്രതിസന്ധി ഇടത്തരം ജീവനക്കാരും സംരംഭകരും നേരിടുന്നു. തൊഴിലാളികളും കർഷകരും മാത്രമല്ല, കുത്തകകളല്ലാത്ത മുഴുവന്‍ ജനവിഭാഗങ്ങളും ഈ ദുരന്തത്തിന്റെ ഭാരം പേറുന്നു. സിഎംഐഇയുടെ കണക്കുകളനുസരിച്ച് സമ്പത്തിന്റെ 70 ശതമാനവും രാജ്യത്തെ പത്ത് ശതമാനത്തിന്റെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ കാലത്തും അതിന് ശേഷവും ഭരണകൂടത്തിൽ നിന്നുൾപ്പെടെ ഒരു സഹായവും ലഭിക്കാതെ വന്‍തോതിൽ പട്ടിണിയും മരണങ്ങളും പതിവായിരുന്നു. കോവിഡ്, മുമ്പെങ്ങുമില്ലാത്തവിധം ഉല്പാദനപരവും സാമ്പത്തികവുമായ മൂലധനത്തെ ധ്രുവീകരിച്ചു. ലോക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോൾ സാമ്പത്തിക ഭീമന്മാരുടെ ആസ്തി മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചു. ഇത് പ്രധാനമായും ഊഹക്കച്ചവടത്തിലൂടെയായിരുന്നു. ദാരിദ്ര്യം വർധിക്കുന്നതിനിടയിൽ ഇത്രയും സമ്പത്തിന്റെ ശേഖരണത്തിന് ലോകം മുമ്പൊരിക്കലും സാക്ഷ്യംവഹിച്ചിട്ടില്ല.


ഇതുകൂടി വായിക്കൂ: നഗരങ്ങളില്‍ തൊഴിലില്ലായ്മ പെരുകുന്നു


കുത്തകകൾ നേട്ടങ്ങൾ കൊയ്യുകയും ക്രമരഹിതമായി വികസിക്കുകയും ചെയ്യുമ്പോൾ ബാങ്കിങ് മൂലധനവും വ്യാവസായിക മൂലധനവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു.
വികസനം എല്ലായ്പ്പോഴും ആപേക്ഷികമാണ്. കുത്തകവല്ക്കരണം കൂടുതൽ മുന്നേറുമ്പോൾ, മുൻഗണനാക്രമമില്ലാത്ത പുതിയൊരു സാമൂഹിക‑സാമ്പത്തിക സ്ഥിതി ഉയർന്നുവരുന്നു. ഈ പ്രതിഭാസം അഭൂതപൂർവവും പുതിയതുമാണ്. അതിന്റെ അടിസ്ഥാനങ്ങളും പുതിയതാണ്. സ്വയം ശാസ്ത്ര സാങ്കേതിക വിപ്ലവത്തിലേക്ക് മാറുകയും കുത്തകേതര വിഭാഗങ്ങളെ മുഴുവൻ ജനാധിപത്യവല്ക്കരിക്കുകയും ചെയ്യുന്ന പുതിയ രീതിയിലാണ് ഉല്പാദന ശക്തികൾ വികസിക്കുന്നത്. മറുവശത്ത്, സമ്പത്തിന്റെ കേന്ദ്രീകരണത്തോടൊപ്പം ഉല്പാദനത്തിൽ നിന്നും അകലുന്ന മൂലധനം, ഊഹക്കച്ചവടത്തിലേക്കും ഓഹരി വിപണിയിലേക്കും ഒഴുകുന്നു. സാമ്രാജ്യത്വത്തെക്കുറിച്ചും ധനമൂലധനത്തെക്കുറിച്ചും എഴുതിയ ലെനിൻ, കുത്തകേതര ജനവിഭാഗത്തിന്റെയും വേദനയെയും വെല്ലുവിളികളെയും നേരിടാൻ അവരുടെ ഐക്യത്തിന്റെ ആവശ്യകതയും ഉയർത്തിക്കാണിച്ചിട്ടുണ്ട്. സോഷ്യൽ ഡെമോക്രസിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ഈ വിഭാഗങ്ങളുടെ ഐക്യത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ വിപ്ലവത്തിന്റെ ചൂണ്ടുപലകയായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ‘ജനാധിപത്യ വിപ്ലവം’ എന്ന ആശയം ഏറ്റെടുക്കാൻ 2015ൽ തീരുമാനിക്കുകയും അത് ‘ഫ്യൂഡൽ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും ഒപ്പം കുത്തക വിരുദ്ധവുമാകണം’ എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുമുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.