Site iconSite icon Janayugom Online

ഹൃദയ മുറ്റത്തെ ഊഞ്ഞാലോർമ്മകൾ

സ്മിത പ്രമോദിന്റെ ഓർമ്മകളുടെ മുറി [വ് ] മലയാളത്തിലെ ഏറ്റവും മികച്ച ഹൃദയഹാരിയായ സ്മൃതിരേഖകളാണ്. സുഗന്ധം കിനിയുന്ന ഓർമ്മകളിലൂടെ ദേശസംസ്കൃതിയിലേക്കും അമ്മയുടെ മടിത്തട്ടിലേക്കും യാത്ര ചെയ്യുകയാണ് സ്മിത പ്രമോദ്. ആത്മാവിലേക്ക് ചേക്കേറുന്ന ഒരു വിഷാദരാഗം പോലെ ഈ പുസ്തകം വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. വിഖ്യാത സർറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലിയുടെ ഗർഭാശയസ്മൃതികൾ എന്നൊരു ചിത്രമുണ്ട്. അമ്മയുടെ ഗർഭാശയത്തിലേക്ക് മടങ്ങുവാനുള്ള അഭിവാഞ്ച്ഛ എല്ലാ മനുഷ്യർക്കുമുണ്ട്. ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ അമ്മയും ഓർമ്മകളുമാണ്. കവി ഡി വിനയചന്ദ്രൻ വീട്ടിലേക്കുള്ള വഴി എന്ന കവിതയിൽ അമ്മയില്ലാത്തവർക്കേത് വീട് എങ്ങെങ്ങുമേ വീട് എന്ന് ചോദിക്കുന്നുണ്ട്. ഓർമ്മകളുടെ ഊഞ്ഞാലാട്ടം എന്ന അധ്യായത്തിൽ സ്മിത എഴുതുന്നു, ”അമ്മ ഇല്ലാത്ത നാട്, ശൂന്യമാണ്. നിറങ്ങളില്ലാത്തതാണ്, ഇരുട്ടാണ്. വെള്ളം വറ്റിയ ഭൂമി പോലെ കീറി മുറിഞ്ഞതാണ്
സ്മിത പ്രമോദിന്റെ ആത്മാംശമുള്ള മാളു മണലാരണ്യത്തിന്റെ ഊഷരതകളിൽ നിന്നും ഗ്രാമത്തിന്റെ ഹരിത ലാവണ്യത്തിലേക്ക് നടത്തുന്ന മടക്കയാത്ര യഥാർത്ഥത്തിൽ അമ്മയുടെ മടിത്തട്ടിലേക്കുള്ള യാത്ര തന്നെയാണ്. അമ്മ മണത്തിനപ്പുറം ഈ ഭൂമിയിൽ മറ്റൊരു ഹൃദയഹാരിയായ സുഗന്ധവുമില്ലെന്ന് സ്മിത സാക്ഷ്യപ്പെടുത്തുന്നു. ജീവിതവഴിയിലെമ്പാടും നാം ഒരോരുത്തരും അമ്മ മണങ്ങൾക്കായാണ് കാത്തിരിക്കുന്നത്. അശാന്തികളിൽ നിന്നും അഭയം തിരക്കി എത്തുന്നത് അമ്മമണങ്ങളിലേക്കാണ്. സ്മിത എഴുതുന്നു, “ചില ലാളനകൾക്ക്, ചില വാത്സല്യങ്ങൾക്ക്, അമ്മ ഭംഗിയാണ്. നിറച്ചുകോരി ഒഴിച്ചാലും ഒരിക്കലും തീരാത്തത്. ഒരിക്കലും മതിയാകാത്തതും മാളൂന് മാത്രം അനുഭവിക്കാൻ പറ്റുന്നതും ഒരിക്കലും മനസിൽ നിന്നും ഇറങ്ങിപ്പോകാത്തതുമായ ഒരു മണമുണ്ട് ഈ വീടിന്. ശരീരവും മനസും കുളിർക്കുന്ന ആ മണത്തോളം വലുതായി ഈ ഭൂമിയിൽ ഒന്നുമില്ല. അമ്മയെ പ്രകൃതിയിലേക്ക്, അബോധമായി സ്മിത ഈ പുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. അമ്മ എന്നതാ കേവലം വൈയക്തികതലത്തിൽ നിന്നും വിശ്വ പ്രകൃതിയിലേക്ക് പടരുന്നു. “ശരിക്കും അമ്മ എന്ന വ്യക്തിയേക്കാൾ ചിലപ്പോൾ അമ്മ എന്ന ആശയമാവും എല്ലാവരും കൂടുതലും ആശ്രയിക്കുന്നത്. എന്തിനും ഏതിനും കടലോളം ആഴമുള്ള സ്നേഹശ്വാസമാണമ്മ.” മാതൃമാനവികത എന്ന വലിയൊരു ദാർശനിക ഗരിമ സമിത പ്രമോദ് വായനക്കാർക്ക് നൽകുന്നു. ഒറ്റ വായനയിൽ ലളിതമെന്ന് തോന്നുമെങ്കിലും അത്യഗാധമായ ദർശന ദീപ്തി പ്രസരിപ്പിക്കുന്ന ഒരു വാക്യംകൊണ്ടാണ് സ്മിത മാതൃമാനവികതയെ അടയാളപ്പെടുത്തുന്നത്. ആ വരികളിതാണ്. ‘അമ്മ അറിവോളം വളരാത്ത ലോകം.’

ഓർമ്മകൾ കാലത്തിലേക്ക് തിരിഞ്ഞൊഴുകുന്ന പുഴകളാണ്. നിളയോളം ആർദ്രമായ ഒരു ഭാഷകൊണ്ടാണ് സ്മിത ഓർമ്മകളെ എഴുതിയിരിക്കുന്നത്. കേരളീയമായ ഭൂപ്രകൃതിയുടേയും സംസ്കൃതിയുടേയും തിരുവെഴുത്തുകളാണ് ഈ പുസ്തകം. ഓണവും വിഷുവും പൂരവുമെല്ലാം സ്മിത എഴുത്തിൽ സമ്മോഹനമായി സന്നിവേശിപ്പിച്ചിരിക്കുന്നു. കേരളത്തനിമയുടെ സുഗന്ധ സ്മൃതികളുടെ തിറയാട്ടമാണിത്. ദൃശ്യഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്

മാളുവിന്റെ വീട് ഒരു പ്രതീകമാണ്. ജീവിതത്തിന്റെ നാൾവഴികളിലേക്ക് മലയാളി ഒരു പിൻ നോട്ടമെറിഞ്ഞാൽ ഇത്തരമൊരു വീട് കാണാൻ കഴിയും. ആ വീട്ടുമുറ്റത്ത് ഒരു ഊഞ്ഞാലുമുണ്ടാകും. വായനക്കാരുടെ ഹൃദയത്തെ ചുംബിച്ച് കൊണ്ട് സ്മിത എഴുതുന്നു. “ഹൃദയത്തിൽ ആഴത്തിൽ വേരുപാകിയ സ്നേഹങ്ങൾക്ക് മാത്രമേ ഓർമ്മകളിൽ ഊഞ്ഞാലാടാൻ പറ്റൂ. ചിലരെ ഒന്നും വായിക്കേണ്ട. അതിനപ്പുറം അവർ നമ്മളിൽ എഴുതപ്പെടും. മനസിൽ കോറിവയ്ക്കുന്ന അക്ഷരത്തിൽ മായാതെ കിടക്കും.”

മണലാരണ്യത്തിന്റെ നാഗരികതയുടെ യാന്ത്രികതയിൽ ഏതൊരു പ്രവാസിയും ഉള്ളിൽ പേറുന്ന ഹരിതാഭമായ നാട്ടു സ്മൃതികളാണ് ഈ ഊഞ്ഞാൽച്ചോട്. മറ്റൊരർത്ഥത്തിൽ അമ്മയുടെ മടിത്തട്ട് കൂടിയായ ഊഞ്ഞാലിലേക്ക് മടങ്ങി എത്താനുള്ള ചോദന മനുഷ്യകുലത്തിന്റെ ജനിതകത്തിലുണ്ട്. ഈ പുസ്തകം വായിച്ചു തീരുമ്പോൾ ആ ഊഞ്ഞാൽച്ചോട്ടിലേക്ക് നമ്മളും യാത്രയാകും. ഹൃദയം ആർദ്ര സ്മൃതികൾകൊണ്ട് നിറഞ്ഞു തുളുമ്പും. കാതരമായ ഒരു സംഗീതത്തിന്റെ ശീലുകൾ ഹൃദയത്തിലേക്ക് ചേക്കേറും. ഓർമ്മകളുടെ ഊഞ്ഞാലിലിരുന്ന് നമ്മളും ആടും.

ഓർമ്മകളുടെ മുറി [വ് ]
(ഓര്‍മ്മ)
സ്മിത പ്രമോദ്
വില: 235 രൂപ

Exit mobile version