യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് കമലാഹാരിസിന്റെ ഡെമോക്രാറ്റ് പാർട്ടിക്ക് വൻ സാമ്പത്തിക ബാധ്യത. രണ്ടു കോടി യുഎസ് ഡോളറിന്റെ ( 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു . ഒക്ടോബർ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യൻ യുഎസ് ഡോളർ ഫണ്ട് കണ്ടെത്തിയിരുന്നു. ബാധ്യത തീർക്കുവാനുള്ള പരിശ്രമത്തിലാണ് ഡെമോക്രറ്റിക്ക് പാർട്ടി .
ഇതിനിടയിൽ കമലയുടെ പ്രചാരണ വിഭാഗത്തെ സഹായിക്കണമെന്ന ആഹ്വാനവുമായി നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് ചെയ്യാനാകുന്നത് അവർക്കു ചെയ്തുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും നമുക്ക് ഐക്യം വേണ്ടതിനാൽ പാർട്ടിയായി അവരെ സഹായിക്കണമെന്നും – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. 100 കോടി യുഎസ് ഡോളർ പിരിച്ചെടുത്തെങ്കിലും അതുപയോഗിച്ചു പ്രചാരണം കൃത്യമായ ജനവിഭാഗത്തിലേക്ക് എത്താതെപോയതാണ് കമലയുടെ പരാജയത്തിനു കാരണമെന്ന് അവരുടെ പ്രചാരണത്തിന്റെ മുഖ്യ ഫണ്ട് റെയ്സർമാരിലൊരാളായ ഇന്ത്യൻ വംശജൻ അജയ് ജെയ്ൻ ഭുട്ടോറിയ പിടിഐയോടു പറഞ്ഞു.