ഇലന്തൂരിലെ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെ ഈമാസം 26വരെ റിമാന്‍ഡ് ചെയ്തു. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കുമാണ് അയച്ചത്. പ്രതികള്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാനെത്തിയ അഭിഭാഷകന്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി ജയകുമാര്‍ കോടതിയില്‍ പരാതിയായി ഉന്നയിച്ചു. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കായി രംഗപ്രവേശം ചെയ്യുന്ന അഡ്വ. ബി എ ആളൂരിനെതിരെയാണ് പരാതി. പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതികളുമായി സംസാരിക്കാന്‍ പാടുള്ളൂവെന്ന് അഭിഭാഷകനോട് കോടതി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ പത്തനംതിട്ടയിലെ ഇലന്തൂരില്‍ ഇരട്ട നരബലി കേസ് പുറത്തുവന്നത്. സ്വത്ത് സമ്പാദനത്തിനായി ആഭിചാര ക്രിയയ്ക്കുവേണ്ടി സ്ത്രീകളെ മൃഗീയമായി കൊന്ന് കുഴിച്ചിടുകയായിരുന്നു. കൊച്ചിയിലെ പൊന്നുരുന്നിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മം (52), കാലടിയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റോസ്‌ലി (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് നരബലിക്കേസുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരിക്കുന്നത്. പത്മ എന്ന സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ രക്തം ഊറ്റിയെടുത്തെന്നും മൃതദേഹം 56 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തം വീടിനുചുറ്റും തെളിച്ചു. റോസിലിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കട്ടിലില്‍ കെട്ടിയിട്ടശേഷം വായില്‍ തുണി തിരുകി മീതെ പ്ലാസ്റ്റര്‍ ഒട്ടിച്ചു. സ്തനങ്ങള്‍ മുറിച്ചെടുത്തി. ജീവനറ്റുപോകുംമുമ്പേ രഹസ്യഭാഗങ്ങളില്‍ കത്തി കുത്തിയിറക്കിയെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
ആദ്യം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷാഫി ഭഗവല്‍ സിങ്ങുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വെെദ്യനെ വിശ്വസിപ്പിച്ചു. സിദ്ധനെ ബന്ധപ്പെടാൻ സ്വന്തം നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് എന്ന ഷാഫി വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാനായി പത്തു ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് റോസ്‌ലിയെയും പത്മയെയും തിരുവല്ലയിലെത്തിച്ചത്. ഇരുവരേയും കൊലപ്പെടുത്തിയത് ക്രൂരമായ രീതിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകങ്ങൾ രണ്ടും നടത്തിയത് ലെെലയായിരുന്നുവെന്നും ഷിഹാബ് മൊഴിനല്‍കി.
അശ്ലീല ചിത്രത്തിന്റെ ഷൂട്ടിങ്ങാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കട്ടിലില്‍ ബന്ധിച്ചായിരുന്നു കൊലപ്പെടുത്തുവാനുള്ള സജ്ജീകരണം ഒരുക്കിയത്. ചുറ്റിക കൊണ്ട് ഷാഫി റോസ്‌ലിയുടെ തലയ്ക്കടിച്ചു. തുടർന്ന് ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. അബോധാവസ്ഥയിലും റോസ്‌ലി പിടയുമ്പോൾ ലൈല കത്തി അവരുടെ ജനനേന്ദ്രിയ ഭാഗത്ത് കുത്തിയിറക്കി. തുടര്‍ന്ന് രക്തം ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയായിരുന്നു. തുടർന്ന് റോസ്‌ലിയുടെ അവയവങ്ങളെല്ലാം ലെെല മുറിച്ചെടുത്തു. ഇതേ രീതിയിൽ തന്നെയായിരുന്നു പത്മത്തിനെയും ബലി നൽകിയതെന്നും പൊലീസ് പറയുന്നു. അഞ്ച് മാസത്തെ ഇടവേളയിലാണ് കൊലപാതകങ്ങള്‍ നടന്നത്. കഴിഞ്ഞ 27 മുതൽ പത്മത്തെ കാണാതായതായി കാണിച്ച് ബന്ധുക്കൾ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലേക്ക് കടത്തിക്കൊണ്ടുപോയ കാറിന്റെ വിവരം പൊലീസിനു ലഭിച്ചതാണ് വഴിത്തിരിവായത്.