Site iconSite icon Janayugom Online

ജനവാസ കേന്ദ്രങ്ങളും വന്യജീവി സങ്കേതം; പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് വനംവകുപ്പ്

mapmap

വനത്തിനുള്ളിലെ ജനവാസ കേന്ദ്രങ്ങളും വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന രേഖകളും വാർത്തകളും അടിസ്ഥാനരഹിതമെന്നും, വന്യജീവി സങ്കേതത്തിനകത്തെ സെറ്റിൽമെൻ്റുകൾ കൃത്യമായി രേഖപ്പെടുത്തിയ മാപ്പാണ് കൈവശമുള്ളതെന്നും വന്യജീവി സങ്കേതം അധികൃതർ വ്യക്തമാക്കി. 

സങ്കേതത്തിനുളളിലെ ജനവാസ കേന്ദ്രങ്ങളടക്കം വന്യജീവി സങ്കേതമായി കാണിച്ച് പുറത്ത് വന്ന മാപ്പ് സംബന്ധിച്ചുണ്ടായ ആശങ്ക ദൂരീകരിക്കുന്നതിന് നൂൽപ്പുഴ പഞ്ചായത്ത് ഭരണസമിതി അധികൃതരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലെത്തി നേരിട്ട് സംസാരിക്കവെയാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നൂൽപ്പുഴയിലെയും ബത്തേരി നഗരസഭയിലെയും നൂറ് കണക്കിന് കുടുംബങ്ങൾ താമസിച്ചുവരുന്ന പ്രദേശങ്ങൾ വന്യജീവി സങ്കേതം ആയി കാണിച്ചാണ് വകുപ്പ് കേന്ദ്ര വനം പരിസ്ഥി മന്ത്രാലയത്തിന് മാപ്പ് നൽകിയിരിക്കുന്നത് എന്നായിരുന്നു ആരോപണം ഉയർന്നത്.

ഇതിൽ ആശങ്ക ഉടലെടുത്തതോടെ വിഷയത്തിൽ വ്യക്തത വരുത്താനാണ് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വയനാട് വന്യജീവി സങ്കേതം മേധാവിയെ കണ്ടത്. തുടർന്ന് നടന്ന ചർച്ചയിൽ നിലവിൽ പ്രചരിക്കുന്നത് സത്യമല്ലെന്നും വന്യജീവി സങ്കേതത്തിനുള്ളിലാണ് ജനവാസ കേന്ദ്രങ്ങൾ എന്നതിനാൽ ഇവ ഇക്കോ സെൻസിറ്റീവ് സോണിന്റെ ഭാഗമായി മാത്രമാണ് മാപ്പിൽ കാണിച്ചിരിക്കുന്നതെന്നും വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ അറിയിച്ചു. ഇതിൻ്റ രേഖകൾ ജനപ്രതിനിധികൾക്കും രാഷ്ട്രീയകക്ഷി പ്രതിനിധികൾക്കും വനം വകുപ്പ് നൽകുകയും ചെയ്തു.

Exit mobile version