പ്രകൃതിയുടെ ചൂഷകരും സംരക്ഷകരും മനുഷ്യസമൂഹം തന്നെയാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചും കേരള സർവകലാശാല മാനേജ്‌മെന്റ് വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച ‘പാരിസ്ഥിതിക‑സാമൂഹിക‑ഭരണസംവിധാനങ്ങളുടെ ഏകോപനത്തിലൂടെ എങ്ങനെ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി ഈ നൂറ്റാണ്ടിൽ മാനവ സമൂഹം മറക്കില്ല. ഈ വിപത്തിന് കാരണക്കാർ മനുഷ്യരാണ്. ആ അപകട സാഹചര്യം തരണം ചെയ്യാൻ ലോകത്തെ സജ്ജമാക്കിയതും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെയും ഏകോപനത്തിന്റയും ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. കെ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. ആർ വസന്തഗോപാൽ സ്വാഗതം പറഞ്ഞു. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം ഡോ. കെ ജി ഗോപ്‌ചന്ദ്രൻ, വിദൂര വിദ്യാഭ്യാസ കേന്ദ്ര ഡയറക്‌ടർ ഡോ. കെ എസ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. എസ്. അംബീഷ്‍മോന്‍ നന്ദി പറഞ്ഞു. മൂന്ന് ദിവസമായി നടക്കുന്ന സെമിനാറിൽ നിരവധി പ്രമുഖർ വിഷയാവതരണം നടത്തും.