മനുഷ്യക്കടത്തിനെതിരെ 2021ലെ പാർലമെന്റ് വര്‍ഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് കൊട്ടിഘോഷിച്ച കേന്ദ്ര നിയമം വർഷങ്ങളായി ഫയലിലുറങ്ങുന്നു. പ്രതികൾക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന മനുഷ്യക്കടത്ത് തടയൽ സംരക്ഷണ പുനരധിവാസ ബിൽ വനിതാ ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിയതായിരുന്നു. ബില്ലിന്റെ കരട് പുറത്തുവിട്ട് പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ആ വർഷം ജൂലൈ 14നകം അഭിപ്രായം അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ മനുഷ്യാവകാശ‑സന്നദ്ധ സംഘടനകളും വ്യക്തികളും പ്രതികരിക്കുകയും ചെയ്തു. പക്ഷേ, ബിൽ പാർലമെന്റിൽ എത്തിയില്ല. നിയമം കൊണ്ടുവരാൻ യാതൊരു തുടർ നീക്കങ്ങളും പിന്നീട് ഉണ്ടായതുമില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവം , വ്യാപ്തി, ആവർത്തനം എന്നിവ അടിസ്ഥാനമാക്കി മനുഷ്യക്കടത്ത് കേസിൽ പ്രതികളാകുന്നവർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു എന്ന കാരണത്താൽ ബിൽ രാജ്യത്തിന്റെ സജീവ ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ ശിക്ഷാകാലാവധി 10 വർഷമാക്കുകയും ഒരു കോടി രൂപ പിഴയീടാക്കുകയും ചെയ്യുക, പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാതിരിക്കുക, ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും മരവിപ്പിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുക, പ്രതികളുടെ നിക്ഷേപം ഇരയുടെ ചികിത്സയ്ക്കും ക്ഷേമത്തിനും ഉപയോഗിക്കുക തുടങ്ങിയ കർശന വ്യവസ്ഥകൾ വേറെയുമുണ്ടായിരുന്നു ബില്ലിന്റെ കരടിൽ. നിലവിൽ മനുഷ്യക്കടത്ത് കേസിൽ ആദ്യ റിമാന്‍ഡിനു ശേഷം പ്രതിയെ അന്വേഷണ ഏജൻസിക്ക് കോടതി കൈമാറാറില്ല. എന്നാൽ, പുതിയ നിയമത്തിൽ ആദ്യ റിമാന്‍ഡിനു ശേഷം പ്രതിയെ അന്വേഷണ ഏജൻസിക്ക് കൈമാറാം എന്ന ഭേദഗതിയും ഉൾപ്പെടുത്തിയിരുന്നു.
മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പരസ്യം ചെയ്യുകയോ അച്ചടിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന വ്യക്തിയും ശിക്ഷ നേരിടേണ്ടിവരും എന്നും ബില്ലിൽ വ്യക്തമാക്കിയിരുന്നു. മനുഷ്യക്കടത്തിനെതിരെ ശക്തമായ നിയമം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ 2017ൽ 22 സംസ്ഥാനങ്ങളിലൂടെ 1200 കിലോമീറ്റർ ലോങ് മാർച്ച് നടത്തിയിരുന്നു. 12 ലക്ഷത്തോളം പേർ പങ്കെടുത്ത മാർച്ച് പലയിടത്തും പാർലമെന്റ് അംഗങ്ങളാണ് നയിച്ചത്. ബഹുജന പ്രക്ഷോഭം ശക്തമായതോടെയാണ് കേന്ദ്രം പുതിയനിയമത്തെക്കുറിച്ച് ആലോചിക്കുന്നതും വനിതാ ശിശുക്ഷേമ മന്ത്രാലയം ബിൽ തയ്യാറാക്കുന്നതും. രാജ്യാന്തര ബന്ധങ്ങളുള്ള മനുഷ്യക്കടത്ത് റാക്കറ്റ് ഇതോടെ പത്തിമടക്കുമെന്ന് ഏവരും ആശ്വസിച്ചിരുന്നെങ്കിലും ബിൽ ലോകസഭയിലെത്തിക്കാതെ കേന്ദ്രം പൂഴ്ത്തുകയായിരുന്നു.
English Summary:Human Trafficking Without Seeing the Light of the Central Act
You may also like this video