Site iconSite icon Janayugom Online

വീട്ടുകാരെ എതിര്‍ത്ത് വിവാഹം: ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് പേരെന്ന് ഡി വൈ ചന്ദ്രചൂഡ്

കുടുംബത്തെ എതിര്‍ത്തും, ഇതര ജാതിയില്‍പ്പെട്ടവരെ വിവാഹം കഴിച്ചതിന്റെയും പേരില്‍ നൂറുകണക്കിന് പേരാണ് ഓരോ വര്‍ഷവും രാജ്യത്ത് കൊല്ലപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നിയമവും സദാചാരവും എന്ന വിഷയത്തില്‍ മുംബൈയില്‍ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ തങ്ങളുടെ ജാതിക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ കൊല്ലപ്പെടുന്നുണ്ട്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

1991‑ൽ ഉത്തർപ്രദേശിൽ നടന്ന ദുരഭിമാനക്കൊലയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ട 20 വയസ്സുകാരനോടൊപ്പം ഒളിച്ചോടിയ 15 വയസുകാരിയേയും, പിന്നീട് ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തി. ഗ്രാമീണര്‍ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ത്രീപീസ് സ്യൂട്ട് ധരിച്ചുകൊണ്ട് ഡോ.അംബേദ്കര്‍ വിപ്ലവകരമായ പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടുടെക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ വസ്ത്രം തിരഞ്ഞെടുത്തതെന്നും ചന്ദ്രചൂഡ് പറയുകയുണ്ടായി. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതില്‍ നിന്ന് നേരത്തെ ദളിതരെ വിലക്കിയിരുന്നു. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റേതായ സദാചാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയും ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു.

Eng­lish Sum­ma­ry: Hun­dreds of peo­ple are killed each year for falling in love or mar­ry­ing out­side their castes
You may also like this video

Exit mobile version