ജനതാദള്‍(എസ്) ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ് തോമസിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു.
എം എന്‍ സ്മാരകത്തില്‍ നടന്ന പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജോര്‍ജ്ജ് തോമസിന് പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചു. ഇങ്ക്വിലാബ് വിളികളുടെ മധ്യത്തില്‍ ജനതാദള്‍, സിപിഐ(എം), സിഎംപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് വിട്ടു വന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. സിപിഐ യില്‍ ചേരാന്‍ തീരുമാനിച്ച നേതാക്കളെ കാനം രാജേന്ദ്രന്‍ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു.
തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറും ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറിയുമായ മുജീബ് റഹ്മാന്‍, സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരന്‍, സംസ്ഥാന സമിതിയംഗങ്ങളായ കരിങ്കുളം മുരുകന്‍, ജയചന്ദ്രന്‍, പി ജി സുഗുണന്‍ , മുന്‍ കൗണ്‍സിലര്‍ ജഗതി ഹരികുമാര്‍, ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജോസഫ് എസ് പി, സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി രതീഷ് ആര്‍എസ്, സിഎംപി ജില്ലാജോയിന്റ് സെക്രട്ടറി സന്തോഷ്‌കുമാര്‍ തുടങ്ങി നിരവധി പേരാണ് സിപിഐയില്‍ ചേര്‍ന്നത്.
ജോര്‍ജ്ജ് തോമസുള്‍പ്പെടെയുള്ളവരെ സന്തോഷത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് കാനം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യത്യസ്തമായ പാര്‍ട്ടിയാണ്. പാര്‍ട്ടി എന്നും ശരിയുടെ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം. അതുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നവരെ പാര്‍ട്ടി അഭിനന്ദിക്കുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ നിരന്തരം പോരാടി ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നരോട് കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. ആ പോരാട്ടത്തിന് ശക്തി പകരാന്‍ സിപിഐക്ക് കഴിയുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിന് അഴിമതിക്കുമെതിരായ പോരാട്ടമായിരുന്നു കടന്നു പോയ 45 വര്‍ഷം താന്‍ നടത്തിയതെന്നും ആ പോരാട്ടത്തിന് പുതിയ വഴി തുറക്കാന്‍ കമ്മ്യുസിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള തന്റെ പ്രവേശനം സഹായകമാകുമെന്ന് ജനതാദള്‍(എസ്) ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ് തോമസ് പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
English Summary: Hundreds of people from different parties joined the CPI
You may like this video also