Site iconSite icon Janayugom Online

പട്ടിണിക്കിടുന്ന പ്രഖ്യാപനങ്ങള്‍

ദീര്‍ഘവീക്ഷണമില്ലാത്ത പ്രഖ്യാപനങ്ങളിലൂടെ മേനി നടിക്കുക പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖമുദ്രയാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വളരെയധികം പഠനങ്ങളും മുന്നൊരുക്കങ്ങളും ആവശ്യമുള്ള കാര്യങ്ങള്‍ പോലും മേനി നടിക്കുന്നതിനായി സ്വയം പ്രഖ്യാപിച്ച് ഉടന്‍ നടപ്പിലാക്കുകയെന്നത് അദ്ദേഹത്തിന്റെ പതിവാണ്. അവയില്‍ പ്രധാനപ്പെട്ട എല്ലാത്തിന്റെയും ദുരിതങ്ങള്‍ വിടാതെ അനുഭവിക്കേണ്ടിവരുന്നൊരു ജനതയാണ് ഇന്ത്യയിലേത്. അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ അതിനുള്ള ഉദാഹരണങ്ങള്‍ കണ്ടെത്താനാകും. വിദേശത്തുള്ള കള്ളപ്പണം പിടികൂടി ഓരോ പൗരന്റെയും അക്കൗണ്ടുകളിലേയ്ക്ക് 15 ലക്ഷം രൂപ വീതം നല്കുമെന്നത്, പിന്നീട് തെരഞ്ഞെടുപ്പ് കണ്‍കെട്ടുവിദ്യയായി നാം അവഗണിച്ചു. എന്നാല്‍ നോട്ടുനിരോധനം, ചരക്കുസേവന നികുതി എന്നിവയും ലോകത്തിന് മുഴുവന്‍ കോവിഡ് വാക്സിന്‍ നല്കുമെന്നുള്ള പ്രഖ്യാപനവും വരെ നടത്തി പൊളിഞ്ഞുപോയതിന്റെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിന്റെ ഒടുവിലായിരുന്നു ഇന്ത്യ ലോകത്തെ ഊട്ടുമെന്ന വലിയ വായിലെ പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. അതാകട്ടെ രാജ്യത്തെ വലിയൊരു വിഭാഗത്തെ പട്ടിണിക്കിടുന്നതിന് കാരണമാകുകയും ചെയ്യുകയാണ്. നോട്ടുനിരോധനവും ചരക്കുസേവന നികുതിയും പരാജയപ്പെട്ട അനുഭവമായി മുന്നില്‍ നില്കുമ്പോഴാണ് കോവിഡ് മഹാമാരി വ്യാപിച്ച് തുടങ്ങി ആറുമാസമെത്തുന്നതിന് മുമ്പ് 2020 ജൂണില്‍, സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ വാക്സിന്‍ രംഗത്തെത്തിക്കുമെന്ന മോഡിയുടെ പ്രഖ്യാപനമുണ്ടായത്. വലിയ വിവാദങ്ങളുണ്ടായപ്പോള്‍ അദ്ദേഹം അതില്‍ നിന്ന് പിന്മാറി. മാസങ്ങള്‍ കഴിഞ്ഞ് വാക്സിന്‍ തയാറായപ്പോള്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം ലോകത്തിന് ഇന്ത്യ വാക്സിന്‍ നല്കുമെന്നായിരുന്നു. സാര്‍വദേശീയ ബന്ധങ്ങളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ ആ പ്രഖ്യാപനത്തെ തെറ്റുപറയാനാകില്ല. എന്നാല്‍ ആഭ്യന്തരമായ ആവശ്യങ്ങളോ ഇവിടെയുള്ള ജനങ്ങളുടെ ആരോഗ്യ പരിരക്ഷയോ പരിഗണിക്കാതെയുള്ള പ്രഖ്യാപനം പാഴാകുമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നതാണ്. എന്നിട്ടും ഇവിടെയുള്ളവര്‍ക്ക് വാക്സിന്‍ നല്കുന്നതിന് പകരം ലോകത്തെ ദരിദ്ര രാഷ്ട്രങ്ങള്‍ക്കു മാത്രമല്ല സമ്പന്ന രാജ്യങ്ങള്‍ക്ക് പണം വാങ്ങിയും വാക്സിന്‍ നല്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്. അതിന്റെ ഫലമായി രാജ്യത്ത് വാക്സിന്‍ ദൗര്‍ലഭ്യതയും പൗരന്മാര്‍ പണം മുടക്കി സ്വീകരിക്കേണ്ട സ്ഥിതിയുമുണ്ടായി. അതുകൊണ്ടുതന്നെ കോവിഡിന്റെ രണ്ടാം തരംഗം ലോകരാജ്യങ്ങളില്‍ ഏറ്റവും ഭയാനകമായി ബാധിച്ച രാജ്യമായി ഇന്ത്യ മാറി. മരണ നിരക്ക് ഗണ്യമായി ഉയരുകയും യുപി, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മരിച്ചവരെ സംസ്കരിക്കാന്‍ പോലും സ്ഥലമില്ലാതാവുകയും ചെയ്തു. നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി.


ഇതുകൂടി വായിക്കാം; ഭക്ഷ്യ സുരക്ഷ: ആശങ്ക അകറ്റാന്‍ കരുതല്‍ വേണം


നദീതടങ്ങളില്‍ പ്രാകൃതരീതിയില്‍ ശവമടക്കി. അങ്ങനെയൊരു ആരോഗ്യ ഭീകരാവസ്ഥയെ നേരിട്ടപ്പോഴാണ് രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യ വാക്സിനെന്ന നിലപാടിലേയ്ക്ക് മോഡി ചുവടുമാറ്റിയത്. വാക്സിനേഷന്‍ ആരംഭിച്ച് ഒന്നര വര്‍ഷമായിട്ടും മുഴുവന്‍ പൗരന്മാര്‍ക്കും ഇരുഡോസ് വാക്സിനുകളും നല്കി തീര്‍ക്കാനുമായിട്ടില്ല. ഇതിന് സമാനമായ പ്രഖ്യാപനമായിരുന്നു ഒരുമാസം മുമ്പ് ലോകത്തിന് ഗോതമ്പ് നല്കി അവരെ ഊട്ടുമെന്നത്. റഷ്യ‑ഉക്രെയ്ൻ യുദ്ധ സാഹചര്യത്തില്‍ നേരിട്ടു തുടങ്ങിയ ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത പ്രഖ്യാപനം. ലോകത്ത് ഗോതമ്പ് ഉല്പാദനത്തില്‍ ഒന്നാമതുള്ള റഷ്യയാണ് യുദ്ധത്തിലെ ഒരു പക്ഷത്തെന്നതിനാലും അവര്‍ക്കുനേരെ സാമ്രാജ്യത്വ അനുകൂല സര്‍ക്കാരുകളുടെ ഉപരോധമുണ്ടായതിനാലുമാണ് ഭക്ഷ്യ പ്രതിസന്ധി സംജാതമായത്. ഉല്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആകുമെങ്കില്‍ സഹായിക്കുകയും വേണം. അത് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യും. പക്ഷേ കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റവും രാസവളം- കീടനാശിനി ക്ഷാമം മൂലവും ഉല്പാദനം കുറഞ്ഞ ഘട്ടത്തിലായിരുന്നു ലോകരാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്കുമെന്ന പ്രഖ്യാപനം മോഡി നടത്തിയത്. ഗോതമ്പ് കയറ്റുമതി ഇവിടെ വന്‍ വിലക്കയറ്റത്തിനും ദൗര്‍ലഭ്യതയ്ക്കും കാരണമായിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളില്‍ വിളവ് കുറഞ്ഞതുകാരണം ഗോതമ്പ് ശേഖരത്തില്‍ 44ശതമാനത്തിന്റെ ഇടിവുണ്ടാക്കി. കഴിഞ്ഞ വർഷം ശേഖരിച്ച 28.8 ദശലക്ഷം ടൺ ഇത്തവണ 16.2 ദശലക്ഷം ടണ്ണായി. അതേസമയം മേനി നടിക്കല്‍ പ്രഖ്യാപനം കാരണം 9.63 ലക്ഷം ടൺ ഗോതമ്പ് കയറ്റുമതിയും ചെയ്തു. ഇപ്പോള്‍ കയറ്റുമതി നിര്‍ത്തേണ്ടിവന്നുവെന്നതുമാത്രമല്ല അതിന്റെ പ്രത്യാഘാതം. ആഭ്യന്തര മാര്‍ക്കറ്റില്‍ ഗോതമ്പിന് 19.34 ശതമാനം വില വര്‍ധനയാണുണ്ടായിരിക്കുന്നത്. കിലോയ്ക്ക് ഒരുവര്‍ഷം മുമ്പ് 24.71 രൂപയുണ്ടായിരുന്നത് 29.49 രൂപയായി ഉയര്‍ന്നു. ചിലയിടങ്ങളില്‍ 33 രൂപയാണ് കിലോ ഗോതമ്പിന്റെ വില. രാജ്യത്തെ ജനങ്ങള്‍ക്ക് നല്കുവാനുള്ള ഗോതമ്പ് വിഹിതം വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയുമുണ്ടായിരിക്കുന്നു. 12 സംസ്ഥാനങ്ങള്‍ക്കുള്ള ഗോതമ്പ് വിഹിതമാണ് കുറച്ചത്. ഉപഭോക്തൃസംസ്ഥാനമായ കേരളം അതിന്റെ വലിയ ഇരയായിരിക്കുകയാണ്. ഇവിടെ 50 ലക്ഷത്തോളം മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ വഴി നല്കിവന്നിരുന്ന ഗോതമ്പ് വിഹിതം കേന്ദ്രം നിര്‍ത്തിയിരിക്കുകയാണ്. യുക്തിരഹിതവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ സമീപനത്തിന്റെ ഫലമായി ജനങ്ങളുടെ തീന്‍മേശയില്‍ നിന്ന് ഗോതമ്പ് അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് നരേന്ദ്രമോഡിയുടെ മേനി നടിക്കല്‍ പ്രഖ്യാപനം മൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

You may also like this video;

Exit mobile version