Site iconSite icon Janayugom Online

ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും; മോക് എക്സർസൈസ് നാളെ

ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും നേരിടുന്നതിനും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് മോക് എക്സർസൈസ് നാളെ (11ന് ) സഘടിപ്പിക്കും. കഞ്ചിക്കോട് എച്ച് പി സി എൽ എൽപിജി, ചിറ്റൂർ വണ്ണാമട എം കെ ഗ്യാസ് ടെക് എന്നിവിടങ്ങളിലായി രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മോക് എക്സർസൈസ്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയവ മോക് എക്സർസൈസിൽ വിലയിരുത്തും. 

സംസ്ഥാന- ജില്ലാ-താലൂക്ക്തല അടിയന്തിരഘട്ട കാര്യാനിർവ്വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ടേബിൾ ടോപ്പ് എക്സർസൈസ് യോഗത്തിൽ എ ഡി എം കെ മണികണ്ഠൻ, എൻ ഡി ആർ എഫ് എസ് ഐ കുൽദീപ് യാദവ്, ജില്ലാ ഫയർ ഓഫീസർ ടി അനൂപ്, എൻഡിആർഎഫ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, ജില്ലാ താലൂക്ക്തല ഐആർഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മോക് എക്സർസൈസിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഡിസാസ്റ്റർ അനലിസ്റ്റ് ലേഖ ചാക്കോ, ഡിഎം പ്ലാൻ കോർഡിനേറ്റർ ആഷാ വി കെ മേനോൻ എന്നിവർ ക്ലാസെടുത്തു. 

Exit mobile version