Site iconSite icon Janayugom Online

ഭര്‍ത്താവും ബന്ധുക്കളും ഉത്തരവാദികളെന്ന് വീഡിയോ; ഇന്ത്യന്‍ വംശജ ന്യൂയോര്‍ക്കില്‍ ആത്മഹത്യചെയ്തു

ഭര്‍ത്താവും മരുമക്കളും നിരന്തരമായി പീഡിക്കുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വംശജയായ യുവതി ന്യൂയോര്‍ക്കില്‍ ആത്മഹത്യചെയ്തു. മന്‍ദീപ് കൗര്‍ എന്ന മുപ്പതുകാരിയാണ് പ്രേരണയും കാരണവും വീഡിയോയിലൂടെ പങ്കുവച്ച് മരണത്തിന് കീഴ്പ്പെട്ടത്.
‘അവര്‍ എന്നെ മരിക്കുവാന്‍ നിര്‍ബന്ധിച്ചു’ എന്റെ മരണത്തിന് ഉത്തരവാദികള്‍ എന്റെ ഭര്‍ത്താവും അമ്മായിയമ്മയും മരുമക്കളുമാണ്. ജീവിക്കാന്‍ അനുവദിക്കുന്നില്ല. എന്റെ ഭര്‍ത്താവ് ഒരു ദിവസം നന്നാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ, എട്ട് വര്‍ഷമായിട്ടും അതുണ്ടായില്ല. ഇതുവരെ എല്ലാം സഹിച്ചു. ദിവസവും അപമാനിക്കപ്പെടുന്നു. ഈ പീഡനം എനിക്ക് സഹിക്കാനാവുന്നില്ല’-കൗര്‍ വീഡിയോയില്‍ പറഞ്ഞു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിരുന്നതായും കൗര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ കൗറിന്റെ കുടുംബവീട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും രമ്യതപ്പെടുത്തുവാനും പ്രശ്നം പരിഹരിക്കുന്നതിനും ശ്രമം നടത്തിയിരുന്നു. എന്നിട്ടും കൗറിന്റെ ഭര്‍ത്താവും വീട്ടുകാരും പീഡനം തുടര്‍ന്നു. മൂന്ന് ദിവസം വീട്ടില്‍ നിന്ന് മാറ്റിമറ്റൊരു സ്ഥലത്ത് തടവിലാക്കി മര്‍ദ്ദിച്ചുവെന്നും കൗര്‍ തന്റെ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതോടെ കൗറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈസമയം ഭര്‍ത്താവ് യുവതിയോട് പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മകളുടെ നിര്‍ബന്ധത്തിനുവഴങ്ങി കൗറിന്റെ മാതാപിതാക്കള്‍ പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കൗറിനെതിരെയുള്ള ഭര്‍തൃകുടുംബത്തിന്റെ ക്രൂരതകള്‍ കൂടിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 2015ലാണ് കൗറിന്റെ വിവാഹം കഴി‍ഞ്ഞതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ന്യൂയോര്‍ക്കില്‍ താമസമാക്കിയതും. 50 ലക്ഷം രൂപ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടാണ് കൗറിനുനേരെ പീഡനങ്ങള്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ നജിബാബാദ് പൊലീസ് സ്റ്റേഷനില്‍ കൗറിന്റെ ഭര്‍ത്താവിനും അയാളുടെ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ മന്‍ദീപ് കൗറിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

Eng­lish Summary:husband and rel­a­tives are respon­si­ble; Indi­an ori­gin com­mits sui­cide in New York
You may also like this video

Exit mobile version