Site iconSite icon Janayugom Online

കിളിമാനൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം: ദമ്പതിമാരിൽ ഭാര്യയും മരിച്ചു, കൊലയ്ക്ക് കാരണം മകന്റെ ആത്മഹത്യ

തിരുവനന്തപുരം കിളിമാനൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു. ള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് മരിച്ചത്. ഇന്ന് നടന്ന ആക്രമണത്തില്‍ ഭർത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ആക്രമണത്തിന് പിന്നില്‍ പ്രതിയുെടെ മകന്റെ ആത്മഹത്യയാണെന്നാണ് നിഗമനം.

ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരൻ നായർ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്. പെട്രോളുമായി വീട്ടിലെത്തിയ ശശിധരൻ നായർ, പ്രഭാകരക്കുറുപ്പിന്റെയും വിമല കുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയി അവിടെ ജോലി ശരിയാക്കി നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍വെച്ച് മകന്‍ ജീവനൊടുക്കി. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം.

പ്രഭാകരക്കുറുപ്പിന്റെ പീഡനം കൊണ്ടാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് ശശിധരന്‍ നായര്‍ പറയുന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഭാകര കുറുപ്പിനെതിരേ ശശിധരന്‍ നായര്‍ പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഈ കേസില്‍ ഇന്നലെ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിധി വന്ന പശ്ചാത്തലത്തിലാണ് ശശിധരന്‍ ആക്രമണം നടത്തിയത്.

Eng­lish Sum­ma­ry: hus­band and wife on fire both died at hospital
You may also like this video

Exit mobile version