Site iconSite icon Janayugom Online

ഇരുപത്തിയൊന്നുകാരിയെ ഫോണിലൂടെ തലാഖ് ചൊല്ലി ഭര്‍ത്താവ്; കേസെടുത്ത് പൊലീസ്

മലപ്പുറം നടുവട്ടത്ത് ഇരുപത്തിയൊന്നുകാരിയെ ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു. എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെയാണ് പരാതി. മൂന്നു വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങിയെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
കട്ടിലിൽ നിന്നും താഴേക്ക് വലിച്ചിടുകയും കഴുത്തിൽ പിടിച്ച് ചുമരിലേക്ക് അമർത്തുകയും ചെയ്യുമെന്നും യുവതി പറഞ്ഞു. 

ശാരീരിക ഉപദ്രവം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും നിവര്‍ത്തിയില്ലാതെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നാലെ ഫോൺവിളിച്ച് കുഞ്ഞ് തന്‍റേതല്ലെന്നും എനിക്ക് ഇനി നിന്നെ വേണ്ടെന്നും തലാഖ് ചൊല്ലിയെന്ന് ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് പറഞ്ഞെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തന്നോട് ആലോചിക്കാതെ വീടുവിട്ടുപോയതിലെ അമര്‍ഷം കാരണം ഇനി വേണ്ടെന്ന് പറഞ്ഞതല്ലാതെ തലാഖ് ചൊല്ലിയിട്ടില്ലെന്നാണ് ഷാഹുലിന്‍റെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version