മഹാരാഷ്ട്രയിൽ ഭർത്താവിനോടുള്ള ദേഷ്യത്തിൽ ഒരു വയസുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് ദാരുണ സംഭവം. കൂലിപ്പണിക്കാരനായ ഭർത്താവ് വീട്ടിലേക്ക് വൈകി തിരിച്ചെത്തിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവതി തന്റെ ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തിയത്. ലാത്തൂരിലെ ശ്യാം നഗറിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു.
ദിവസ വേതനക്കാരനായി ജോലി ചെയ്യുന്ന 34 കാരനായ ഭർത്താവ് ജോലി കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിയത്. ഭർത്താവ് വൈകിയതിൽ സംശയം പ്രകടിപ്പിച്ച ഭാര്യ ഇത് ചോദ്യം ചെയ്യുകയും ഇത് വൻ തർക്കത്തിലേക്ക് നീങ്ങുകയും ചെയ്തു.
തർക്കത്തെ തുടർന്ന് പ്രകോപിതയായ സ്ത്രീ വീട്ടിലെ അടുക്കളയിൽ നിന്നും മൂർച്ചയുള്ള കത്തി കൈക്കലാക്കി ഒരു വയസുള്ള സ്വന്തം മകളുടെ മുഖത്തും, വയറ്റിലുമടക്കം അഞ്ചോളം ഭാഗങ്ങളിൽ കുത്തി പരിക്കേൽപ്പിച്ചത്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, തിങ്കളാഴ്ച പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.

