ഷൂട്ട് ചെയ്യാൻ പറ്റുമെന്ന് ഉറച്ച ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ എഴുതാറുള്ളൂ എന്ന് സിനിമ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ്. “അത് ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ ചിന്തിച്ചപ്പോൾ എടുത്ത തീരുമാനമാണ്. ‘എക്കോ’ സിനിമയ്ക്ക് കഥ എഴുതുമ്പോഴും ഇത് മനസ്സിൽ ഉണ്ടായിരുന്നു. യാഥാർഥ്യമായിരിക്കണം ഓരോ ഷോട്ട്സും. കാണികളും ആ ഷോട്ടുകളിലൂടെ സഞ്ചരിക്കുന്നുണ്ട് എന്നൊരു പ്രതീതി അവരിൽ ഉണ്ടാക്കണം എന്നുള്ള ചിന്തയും കഥ എഴുതുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു” ബാഹുൽ പറഞ്ഞു.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കെഎൽഐബിഎഫ് ടോക്കിൽ ‘എന്റെ സിനിമാ സഞ്ചാരങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സീനും നൈസർഗികമായി വരണം. അതുപോലെ ഓരോ സംഭാഷണവും എന്തെങ്കിലും പുതിയത് സംഭാവന ചെയ്യണം .കൃത്രിമമായി എടുക്കുന്നു എന്നുള്ള തോന്നൽ കാണികളിലുണ്ടാക്കരുത്.
സിനിമയുടെ അണിയറ കഥകൾ ധാരാളം വായിക്കുമായിരുന്നു. സിനിമകൾ ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകൾ എല്ലാം അണിയറ കഥകളിലുണ്ടായിരുന്നു.പദ്മരാജന്റെ ‘നക്ഷത്രങ്ങളെ കാവൽ’ എന്ന നോവലും വലിയ രീതിയിൽ തന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ബാഹുൽ പറഞ്ഞു .
“കിഷ്കിന്ധാകാണ്ഡം എഴുതി തുടങ്ങിയപ്പോൾ സ്വാഭാവികമായി വന്നതാണ് അതിലെ വാനര സാന്നിധ്യം. തുടർന്നാണ് അനിമൽ ട്രിയോളജിയിലേക്ക് എത്തിയത്. അത് പ്രേക്ഷകർ ഏറ്റെടുത്തു എന്ന് അറിയുമ്പോൾ വളരെയധികം സന്തോഷമുണ്ട്”, ബാഹുൽ സംസാരിച്ചു. ചെറുപ്പം മുതലേ മനസിലുള്ളതാണ് സിനിമ. കുട്ടിക്കാലത്ത് കണ്ട അനേകം ചിത്രങ്ങൾ സിനിമാജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. വീട്ടുകാർ കടുത്ത സിനിമ പ്രേമികളാണ്. പ്രത്യേകിച്ചും അച്ഛനാണ് സിനിമയോട് കൂടുതൽ താത്പ്പര്യവും ഇഷ്ടവും. ഓരോ ചിത്രങ്ങളിലെയും സംഭാഷണങ്ങൾ അച്ഛൻ ഓർത്തെടുത്ത് പറയുമായിരുന്നു. ഇത് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒരു സിനിമ എഴുതുമ്പോൾ ഞാൻ ആദ്യം എഴുതി തുടങ്ങുന്നത് അതിലെ സംഭാഷണങ്ങൾ ആയിരിക്കും. ഓരോ കഥാപാത്രത്തിന്റെയും സംഭാഷണങ്ങൾ പുരോഗമിക്കുമ്പോൾ ആയിരിക്കും ആ സിനിമയുടെ കഥ എന്താണെന്ന് എനിക്ക് മനസിലാകുന്നത്, ” ബാഹുൽ വിശദീകരിച്ചു.

