Site iconSite icon Janayugom Online

സാമൂഹ്യ സാഹചര്യം കൂടുതല്‍ കയ്പ് നിറഞ്ഞതായി: ബിനോയ് വിശ്വം

ഇന്നത്തെ സാമൂഹ്യ സാഹചര്യം കൂടുതല്‍ കയ്പ് നിറഞ്ഞതായി കൊണ്ടിരിക്കുകയാണെന്നും പോരാട്ടങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ഐഎഎല്‍ ദേശീയ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ നാടകമാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ നടന്നതെന്ന് ബിനോയ് വിശ്വം എംപി പരിഹസിച്ചു. സാഷ്ടാംഗപ്രണാമമായിരുന്നു എടുത്തു പറയേണ്ടത്. മതനിരപേക്ഷ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഇത്തരം നാടകങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ പ്രത്യേകത. അതിന് മതപരമായ ഒരു മുഖം നല്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മതേതരരാഷ്ട്രത്തെ ഹിന്ദുമത രാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നതിന്റെ ഭാഗമായാണിത്. ദളിത്, ആദിവാസി, സ്ത്രീകള്‍ തുടങ്ങിയ നിരവധി മനുഷ്യര്‍ ജീവിക്കുന്നുണ്ട് ഇവിടെ. എന്നാല്‍ ആര്‍എസ്എസ് പറയുന്നത് ഇവിടെ ബ്രാഹ്മണര്‍ മാത്രം മതിയെന്നാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ അടിച്ചമര്‍ത്തി ബ്രാഹ്മണര്‍ക്ക് മേല്‍ക്കോയ്മ നല്‍കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ ആശയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.

പ്രധാനമന്ത്രിയോ, പ്രഡിഡന്റോ അല്ല, രാജ്യത്തെ ജനങ്ങളാണ് ഭരണഘടനാ ശില്പികള്‍. ഭരണഘടനയുടെ മഹത്വമാണ് ജനങ്ങളുടെ മനസില്‍ അതിന് പ്രത്യേക സ്ഥാനമുണ്ടാക്കി കൊടുക്കുന്നത്. ഭരണഘടനയുടെ ആത്മാവ് അതിന്റെ ആമുഖമാണെന്നും രാജ്യത്തിന്റെ ഊര്‍ജം കുടികൊള്ളുന്നത് അതിലാണെന്നും വ്യക്തമാണ്. അത് തന്നെയാണ് രാജ്യത്തിന്റെ ആശയത്തെ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: IAL Nation­al Conference
You may also like this video

Exit mobile version