Site iconSite icon Janayugom Online

ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്ത് എൽഡിഎഫിന്

കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഒൻപത് സീറ്റ് നേടി എൽഡിഎഫ് ഭരണം തിരികെ പിടിച്ചു. യുഡിഎഫിന് അനുകൂലമായ വികാരം ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രകടമായപ്പോൾ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ച എൽഡിഎഫിനെ ജനങ്ങൾ ചേർത്തു പിടിക്കുകയായിരുന്നു.

പഞ്ചായത്ത് ആസ്ഥാനം ദേവികുളത്ത് നിന്നും ഇടമലക്കുടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതും സൊസൈറ്റിക്കുടി വരെ റോഡ് നിർമ്മാണം പൂർത്തീകരിച്ച് വാഹന ഗതാഗത സൗകര്യമൊരുക്കിയതുമെല്ലാം മുൻനിർത്തിയായിരുന്നു ഇടമലക്കുടിയിൽ എൽഡിഎഫിന്റെ പ്രചാരണം. യുദ്ധകാലാടിസ്ഥാനത്തിൽ സമ്പൂർണ്ണ വൈദ്യുതീകരണ നടപടികൾ പൂർത്തിയാക്കിയതും മൊബൈൽ നെറ്റ് വർക്ക് ലഭ്യമാക്കിയതും എല്ലാം ഇടമലക്കുടിക്കാരെ ഒറ്റപ്പെടലിന്റെ ദുരിതത്തിൽ നിന്നും കരകയറി.

പഞ്ചായത്ത് രൂപീകൃതമായ 2010 ൽ യുഡിഎഫും 15ൽ എൽഡിഎഫും ഭരിച്ചപ്പോൾ 2020 ല്‍ യുഡിഎഫാണ് ഭരണത്തിലെത്തിയത്. 14 വാർഡുകളും പട്ടികവർഗ്ഗ സംവരണമാണ്. ഇതിൽ ഏഴ് വനിതാ സംവരണമാണ്. ഇത്തവണ ഒൻപത് എൽഡിഎഫ്, മൂന്ന് എൻഡിഎ, രണ്ട് യുഡിഎഫ് എന്നിങ്ങനെയാണ് സീറ്റ് നില. കഴിഞ്ഞ തവണ 13 വാർഡുകളായിരുന്നു ഉണ്ടായിരുന്നത്. യു ഡി എഫ് ആറ് സീറ്റ് നേടി ഭരണത്തിലെത്തിയപ്പോൾ ബിജെപി അഞ്ച്, സി പിഐ(എം) രണ്ട് അംഗങ്ങളായിരുന്നു. ഇത്തവണഎല്ലാ സ്ഥാനാർത്ഥികളും തമിഴ് വംശജരായതിനാൽ പോസ്റ്ററുകളും പ്രചാരണവുമെല്ലാം തമിഴിലായിരുന്നു.

 

Exit mobile version