ഇടുക്കി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോൾ. 2383.53 ആണ് നിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി.
അതേസമയം ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 50 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്.
English Summary: idukki dam opened
You may also like this video