Site icon Janayugom Online

ഇടുക്കി അണക്കെട്ട് തുറന്നു

പരമാവധി സംഭരണശേഷിയിലേക്ക് അടുത്ത ഇടുക്കിയില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 100 ക്യുമെക്സ് (ഒരു ലക്ഷം ലിറ്റർ) ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മുല്ലപ്പെരിയാറിൽ നിന്ന് സ്പിൽവേ വഴി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയതിന്റെയും ഇടുക്കിയിൽ മഴ ശക്തമായി തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിലാണ് മൂന്ന് ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നുണ്ട്. സംഭരണ ശേഷിയിലേക്ക് അടുത്തതോടെ അണക്കെട്ടില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
2384.58 അടിയാണ് ഇടുക്കി ഡാമിലെ ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 99 ശതമാനം വരും. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ 7.30ന് 2382.53 അടിയിലെത്തിയപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
രാവിലെ 10ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ആദ്യം ഉയർത്തി. 70 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 50 ഘനയടി വെള്ളമാണ് ഒഴുക്കി വിടാനാരംഭിച്ചത്.
തുടർന്ന് വൈകിട്ട് 120 സെന്റീമീറ്ററായി ഉയർത്തിയിട്ടും ജലനിരപ്പ് ക്രമീകരിക്കാനായില്ല. ഇതോടെയാണ് രണ്ട് ഷട്ടറുകൾ കൂടി ഘട്ടംഘട്ടമായി തുറന്നത്. നിര്‍മ്മിച്ച ശേഷം 11-ാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.

മുല്ലപ്പരിയാറിൽ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിൽ നിന്നും ഉയരുന്ന സാഹചര്യത്തിൽ മൂന്ന് സ്പിൽവേ ഷട്ടറുകൾ കൂടി അധികമായി ഉയർത്തി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മൂന്ന് ഷട്ടറുകൾ 30ൽ നിന്ന് 50 സെന്റീമീറ്റർ ആയി ഉയർത്തി. തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ആറെണ്ണം 50 സെന്റീമീറ്ററും നാലെണ്ണം 30 സെന്റീമീറ്ററും ഉയർത്തി സെക്കന്റിൽ 3160 ഘനയടി ജലമാണ് തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. 50–100 ഘനയടി വെള്ളം പുറത്തുവിടാനാണ് തീരുമാനം. 

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളിൽ നേരിയ ശമനമുണ്ടായതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം ശക്തമാകുന്നു. വടക്കു പടിഞ്ഞാറൻ മേഖലയിലായി ഒഡിഷ‑പശ്ചിമ ബംഗാൾ തീരത്തിന് മുകളിലായാണ് ശനിയാഴ്ച രാത്രിയോടെ ന്യൂനമർദ്ദം രൂപപ്പെട്ടത്. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ചേക്കും. 

Eng­lish Sum­ma­ry: Iduk­ki dam opened

You may like this video also

Exit mobile version