Site iconSite icon Janayugom Online

ഇടുക്കി, മുല്ലപ്പെരിയാർ, ഡാമുകള്‍ ‘അലര്‍ട്ടി‘ലേക്ക്

mullapperiyar birthdaymullapperiyar birthday

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാലും നീരൊഴുക്ക് കുറയാതെ നിലനിൽക്കുന്നതിനാലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ഇന്നലെ വൈകിട്ട് ഇടുക്കി ഡാമിലെ ജലനിരപ്പ് 2367.68 അടിയായി ഉയർന്നു. ഇത് ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 61.75 ശതമാനം വരും. പുതുക്കിയ റൂൾ കർവ് അനുസരിച്ച് 2369.95 അടിയിലെത്തിയാൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2375.95 അടിയിൽ ഓറഞ്ച് അലർട്ടും 2376.95 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. മഴയുടെ അളവും നീരൊഴുക്കും വിലയിരുത്തിയ ശേഷമാകും അലർട്ടുകൾ പ്രഖ്യാപിക്കുക. നിലവിൽ അടുത്ത 4 ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രാവിലെ വരെ 34.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വൈകിട്ട് മഴ നിലച്ചെങ്കിലും നീരൊഴുക്ക് ഉണ്ട്. ആദ്യ അലർട്ടിലേക്ക് എത്താൻ ജലനിരപ്പ് രണ്ടടി കൂടിയെത്തിയാൽ മതി. ജലനിരപ്പ് ഉയർന്നാലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 135.80അടിയായി ഉയർന്നു. 2917 ഘനയടി ജലമാണ് സെക്കന്റിൽ ഒഴുകിയെത്തുന്നത്. 1867 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ മുന്നറിയിപ്പ് കഴിഞ്ഞദിവസം രാത്രിയിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ താൽക്കാലികമായി ശമിച്ചത് ആശ്വാസകരമാണ്. 

Eng­lish Sum­ma­ry: Iduk­ki, Mul­laperi­yar, dams on ‘alert’

You may like this video also

Exit mobile version