Site icon Janayugom Online

ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തിന് പദ്ധതിരേഖയായി:800 മെഗാവാട്ട് അധിക വൈദ്യുതി

ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ വൈദ്യുതി ഉല്പാദന നിലയം 2028 ൽ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി. 2,700 കോടിയോളം രൂപ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ പൂർത്തീകരണത്തോടെ 800 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉല്പാദിപ്പിക്കാനാകും. നിലവിലെ വൈദ്യുത നിലയത്തിന് 2026 ൽ 50 വർഷം പൂർത്തിയാകും. ഇടുക്കി സുവർണജൂബിലി വിപുലീകരണ പദ്ധതിയെന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പവർഹൗസിന്റെ പദ്ധതിരേഖ കെഎസ്ഇബി ആസ്ഥാനത്ത് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു.

200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകൾ ഉള്ള പവർഹൗസാണ് പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 1,580 മെഗാവാട്ട് ഉല്പാദനശേഷിയുമായി രാജ്യത്തെ ഏറ്റവും ശേഷി കൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായി ഇടുക്കി മാറും. മുല്ലപ്പെരിയാർ അടക്കമുള്ള സ്രോതസുകളിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് അധികജലം വന്നെത്തുന്നതും കെഎസ്ഇബി ദീർഘകാല കരാറുകളിലേർപ്പെട്ട കൽക്കരി വൈദ്യുതി ഉല്പാദന നിലയങ്ങളിൽ തുടർച്ചയായി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതും കണക്കിലെടുത്താണ് രണ്ടാമത്തെ വൈദ്യുതി ഉല്പാദന നിലയം ആരംഭിക്കുന്നത്.

വൃഷ്ടി പ്രദേശത്തുള്ള 52 ടിഎംസി ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി റിസർവോയറിന് 2000 മെഗാവാട്ട് വൈദ്യുതി ഉല്പാദന ശേഷിയെങ്കിലും ആകെ കൈവരിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഊർജ ഉല്പാദനത്തിന് പുറമേ പ്രതിദിനം കുറഞ്ഞത് ഏഴു ദശലക്ഷം ക്യുബിക് മീറ്റർ ജലവിനിയോഗത്തിന് പദ്ധതി ഉപയോഗിക്കാമെന്നും നിലവിൽ ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാനാകുമെന്നും സാധ്യതാ പഠനം നടത്തിയ ദേശീയ കൺസൾട്ടന്റായ വാപ്‌കോസിന്റെ റിപ്പോർട്ടിൽ പറയുന്നു.

പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിന് അംഗീകാരം നല്കുന്നതോടുകൂടി ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിക്കാൻ അടുത്തമാസം നടപടി സ്വീകരിക്കും. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും കേന്ദ്ര ജല കമ്മിഷന്റെയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിനാവശ്യമായ ചട്ടപ്രകാരമുള്ള ഒമ്പത് അനുമതികൾ 2023 ജനുവരിയിൽ ലഭ്യമാകും. തുടർന്ന്, പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടും കേന്ദ്ര ജലവൈദ്യുതി അതോറിറ്റിയുടെ അനുബന്ധ ക്ലിയറൻസുകളും 2022 സെപ്റ്റംബറോടെ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രണ്ടാംഘട്ട പാരിസ്ഥിതിക അനുമതി മാർച്ച് 2023 ൽ ലഭ്യമാകുന്ന മുറയ്ക്കു പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ച് ആ വർഷം തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Iduk­ki Sec­ond Pow­er Plant Project Doc­u­ment: 800 MW Addi­tion­al Power

You may like this video also

Exit mobile version