ബോര്‍ഡുകളും കൊടികളും സ്ഥാപിക്കാനാണെങ്കിൽ സംസ്ഥാനത്തെ നടപ്പാതകൾ അടച്ചുപൂട്ടുകയാണ് നല്ലതെന്ന് ഹൈകോടതി. തിരുവനന്തപുരം നഗരത്തിലെ നടപ്പാതകളിലടക്കം നടക്കാന്‍ കഴിയാത്തവിധം ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചിരിക്കുകയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്.
ഇങ്ങനെയെങ്കിൽ ഇനി നടപ്പാതകൾ നിർമിക്കേണ്ടതുമില്ല. റോഡില്‍ കാല്‍നടയാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം പറയുമ്പോഴാണ് നടപ്പാതകൾ ബോർഡുകള്‍ കൊണ്ട് നിറയുകയാണ്. കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് അത്ഭുതപ്പെടുത്തുന്നു. നവകേരളം കടലാസില്‍ മാത്രം പോര. സിസ്റ്റം പരാജയപ്പെടുന്നുവെന്നാണ് ഇതിന്‍റെ അർശഥമെന്ന് ഹൈകോടതി വിമർശിച്ചു.
കഴിഞ്ഞയാഴ്ച കൊച്ചിയിലും ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പറേഷനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കോടതി നേരത്തെ നിരോധിച്ചതാണ്. ഇത് തടയാന്‍ തിരുവനന്തപുരം കോർപറേഷന്‍ എന്താണ് ചെയ്യുന്നതെന്ന് വാക്കാല്‍ ചോദിച്ച കോടതി, സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഇക്കാര്യത്തില്‍ സര്‍ക്കാറും നടപടി സ്വീകരിക്കുന്നില്ലെന്ന് വിമർശിച്ചാണ് നടപ്പാതകള്‍ അടക്കണമെന്ന നിരീക്ഷണം നടത്തിയത്.

