രാജ്യത്തെ പ്രമുഖ ഓൺലൈൻ മാധ്യമം ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടി ആഗോളതല പ്രതിഷേധത്തിന് കാരണമായിരിക്കുന്നു. ഗോദി മീഡിയകൾ തീർക്കുന്ന മോഡിസ്തുതികൾക്കിടയിൽ ജനപക്ഷ വാർത്താപ്രതലത്തിലെ മുൻനിരയിലാണ് ന്യൂസ് ക്ലിക്കിന്റെ സ്ഥാനം. പിറവിതൊട്ടുള്ള കാലം മുതൽ വ്യത്യസ്തതകളാണ് ന്യൂസ് ക്ലിക്ക് അതിന്റെ വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചത്.
പശ്ചിമേഷ്യ വീണ്ടും സംഘർഷഭൂമിയായിരിക്കുന്ന ഘട്ടത്തിലാണ് 2023ൽ ഈ കുറിപ്പ് തയ്യാറാക്കുന്നത്. യഥാർത്ഥത്തിൽ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാധ്യമം ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന പ്രബിർ പുർകായസ്തയും സഹപ്രവര്‍ത്തകരും ചേർന്ന് ആരംഭിക്കുന്നത് ഇതുപോലെ പശ്ചിമേഷ്യ സംഘർഷഭൂമിയായി നിന്ന ഘട്ടത്തിലായിരുന്നുവെന്ന് അന്ന് അതിന്റെ ഭാഗമായിരുന്ന വിജയ് പ്രഷാദ് എഴുതിയിട്ടുണ്ട്. ഇറാഖിനുനേരെ അമേരിക്കൻ കടന്നാക്രമണം നടന്നുകൊണ്ടിരിക്കെ, പശ്ചിമേഷ്യൻ സ്ഥിതിഗതികൾ സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരുന്ന വാർത്തകൾ സാമ്രാജ്യത്വ അനുകൂല അജണ്ട നിറഞ്ഞതായിരുന്നു. അതുകൊണ്ട് യാഥാർത്ഥ്യങ്ങളും പശ്ചിമേഷ്യയിലെ സാമ്രാജ്യത്ത്വ വാണിജ്യ താല്പര്യങ്ങളും സംബന്ധിച്ച് ചർച്ചകളും സംവാദങ്ങളും നടത്തുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് 2009ൽ ന്യൂസ് ക്ലിക്ക് ആരംഭിച്ചത്.
ഇതുകൂടി വായിക്കൂ; ഗോദി മീഡിയയ്ക്ക് പരസ്യം നിഷേധിക്കാന്‍ ഇന്ത്യ മുഖ്യമന്ത്രിമാര്‍
ഡൽഹി സയൻസ് ഫോറത്തിലെ കൂടിക്കാഴ്ചകളിൽ രൂപപ്പെട്ട പ്രബിർ, ഐജാസ് അഹമ്മദ്, ഡി രഘുനന്ദൻ, വിജയ് പ്രഷാദ് എന്നിവരും മറ്റുചിലരും ചേർന്നുള്ള കൂട്ടായ്മ ഒരു വീടിന്റെ താഴത്തെ മുറിയിൽ, ഐജാസിന്റെ പുസ്തകക്കൂട്ടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു ഓൺലൈൻ മാധ്യമത്തിന്റെ തുടക്കം. ജോലി കഴിഞ്ഞെത്തുന്ന ഇവരെല്ലാം ചേർന്ന് നടത്തുന്ന സംഭാഷണങ്ങൾ, പ്രബിറും ഐജാസും സംഘടിപ്പിച്ച കാമറയിൽ പകർത്തി പ്രക്ഷേപണം ചെയ്യും. പശ്ചിമേഷ്യയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും പരസ്പരം അഭിമുഖം നടത്തും. ‘ഹലോ, ന്യൂസ് ക്ലിക്കിലേക്ക് സ്വാഗതം. ഇന്ന് ഞങ്ങൾക്കൊപ്പം പ്രൊഫസർ ഐജാസ് അഹമ്മദും ഉണ്ട്’ എന്ന് പറഞ്ഞാരംഭിക്കുന്ന ചർച്ചയുടെ പ്രക്ഷേപണം ഇപ്പോൾ പ്രബിറിനെ ജയിലിലേക്ക് കൊണ്ടുപോകുന്നത് കാണുമ്പോൾ തന്റെ ചെവിയിൽ മുഴങ്ങുന്നുവെന്ന് വിജയ് പ്രഷാദ് എഴുതുന്നു.
പിന്നീട് കാഴ്ചക്കാരും കേൾവിക്കാരും ഏറിയപ്പോൾ ശാസ്ത്രവും പശ്ചിമേഷ്യൻ സംഘർഷങ്ങളും അതിന്റെ രാഷ്ട്രീയവും കടന്ന് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളും അധികാര കേന്ദ്രങ്ങളുടെ കൊള്ളരുതായ്മകളും സാമ്പത്തിക അസമത്വങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും എല്ലാമടങ്ങുന്ന വലിയ പ്രതലത്തിലേക്ക് ന്യൂസ് ക്ലിക്ക് വളരുകയായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷമുള്ള കഴിഞ്ഞ ഒമ്പതര വർഷത്തെ അവരുടെ യാത്ര സംഭവബഹുലമായ വാർത്തകൾ കൊണ്ടു നിറഞ്ഞതായിരുന്നുവെങ്കിലും വെല്ലുവിളികൾ അതിനെക്കാൾ കൂടുതലായിരുന്നു. അതാണ് കഴിഞ്ഞയാഴ്ച പ്ര ബിർ പുർകായസ്ത, മനുഷ്യ വിഭവശേഷി വിഭാഗം തലവൻ അമിത് ചക്രവർത്തി എന്നിവരുടെ ജയിൽവാസത്തിലേക്ക് എത്തിനിൽക്കുന്നത്.
ചൈനയിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു റെയ്ഡ് നടന്ന ദിവസം വാർത്തകൾ പുറത്തുവിട്ടതെങ്കിൽ അതിന് തെളിവുകളൊന്നും കോടതിയിൽ ഹാജരാക്കുവാൻ സാധിച്ചില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന പ്രഥമവിവര റിപ്പോർട്ടി(എഫ്ഐആർ)ൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ ഡൽഹിയിൽ നടന്ന കർഷക സമരത്തെ ദേശവിരുദ്ധസമരമായി എഫ്ഐആറിൽ ചിത്രീകരിക്കുന്നുമുണ്ട്. അതിനെതിരെ കർഷക സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി സർക്കാർ കൊണ്ടുവന്ന കാർഷിക കരിനിയമങ്ങൾക്കെതിരെ ആരംഭിച്ചതും ജനകീയ പിന്തുണയോടെ രാജ്യവ്യാപകമായി പടർന്നതുമായിരുന്നു കർഷക പ്രക്ഷോഭം. ഡൽഹിയിലെ തണുപ്പും കൊടുംചൂടും വകവയ്ക്കാതെ ഒരുവർഷത്തിലധികം നീണ്ട പ്രസ്തുത സമരം ദേശവിരുദ്ധ ശക്തികളുടെ പിന്തുണയോടെയാണെന്ന പ്രചരണങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ അന്ന് നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമകാലത്തും ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭകാലത്തും അതേരീതിയിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ആരും വകവച്ചില്ല.
ഇതുകൂടി വായിക്കൂ; തീക്കൊള്ളികൊണ്ട് കേന്ദ്രം തല ചൊറിയുന്നു
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് തുടങ്ങി ഡൽഹി അതിർത്തിയെ വളഞ്ഞ്, യുപിയിലും മധ്യപ്രദേശിലുമുൾപ്പെടെ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പോലും അവരുടെ ജനകീയാടിത്തറ തകർക്കുന്ന വലിയ സമരമായി അത് പടർന്നു. തൊഴിലാളികളും വിദ്യാർത്ഥികളും അധ്യാപകരും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും തുടങ്ങി ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ പ്രസ്തുത സമരത്തിന്റെ ഭാഗമായതാണ്. അസാധാരണമായ ഐക്യം എല്ലാ വിഭാഗങ്ങൾ തമ്മിലുമുണ്ടായി. കൂട്ടായ്മ തകർക്കുന്നതിനുള്ള കുപ്രചരണങ്ങളും കുതന്ത്രങ്ങളുമുണ്ടായി. എന്നിട്ടും ആ പ്രക്ഷോഭം മുന്നോട്ടുപോയി.
ഇന്ത്യയുടെ മുദ്രാവാക്യംതന്നെ ജയ് ജവാൻ, ജയ് കിസാൻ എന്നതാണ്. കൃഷി രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ ജീവിതോപാധിയുമാണ്. അതിനെ വിദേശചൂഷകർ ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകൾക്ക് കൈമാറാനുള്ള നീക്കങ്ങളെയാണ് സമരത്തിലൂടെ കർഷകർ ചെറുക്കാൻ ശ്രമിച്ചത്. കോർപറേറ്റുകളെ മാത്രം സഹായിക്കുന്ന വിധത്തിൽ കരാർകൃഷി, ഉല്പന്നങ്ങളുടെ സംഭരണവും സംസ്കരണവും കോർപറേറ്റ്‌വൽക്കരിക്കുക എന്നിവയിലൂടെയും അവശ്യസാധന നിയമത്തിലെ പരിഷ്കരണങ്ങളിലൂടെയും മേഖലയിൽ നിയമപരമായ നിയന്ത്രണം കുത്തകകൾക്ക് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായ മൂന്ന് കരിനിയമങ്ങളാണ് എതിർക്കപ്പെട്ടത്.
ഇന്ത്യയിലെ കർഷകരുടെ രാജ്യസ്നേഹം 2014ൽ ബിജെപിക്ക് അധികാരം കിട്ടിയതിനുശേഷമുള്ള അളവുകോലിൽ മാത്രമേ ദേശവിരുദ്ധമാകുന്നുള്ളൂ. ജയ് ജവാൻ, ജയ് കിസാൻ എന്ന രാജ്യസ്നേഹത്തിന്റെ അടിത്തറയിലുള്ള മുദ്രാവാക്യത്തെ സാർത്ഥകമാക്കിയവരാണ് ഇന്ത്യയിലെ കർഷകർ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലുള്ളവർ.
ഇതുകൂടി വായിക്കൂ; നാവുകള്‍ പിഴുതെടുക്കുന്ന കറുത്തകാലം
ഭൂരിപക്ഷം കർഷക കുടുംബങ്ങളും കൃഷിയിലേക്ക് മാത്രമല്ല സൈന്യത്തിലേക്കും കുടുംബാംഗങ്ങളെ പറഞ്ഞയക്കുന്നവരാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് മുതൽ നടന്ന എല്ലാ സമരങ്ങളിലും കർഷകരുടെ നിർണായക പങ്കാളിത്തമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷവും അത് തുടർന്നു. അത്തരമൊരു പശ്ചാത്തലത്തിന്റെ പിന്മുറക്കാർ ആയതുകൊണ്ടാണ് ഇന്ത്യയിലെ കൃഷിയിടങ്ങളും കൃഷിയും കോർപറേറ്റ് ചൂഷണത്തിനുള്ള അവസരമാക്കുന്നതിനുള്ള നിയമനിർമ്മാണത്തെ ചെറുക്കുന്നതിന് കൃഷിക്കാർ മുന്നോട്ടുവന്നത്. ആത്യന്തികമായി അവർ കൃഷിയെയാണ് സ്നേഹിക്കുന്നത്. അവരുടെ സമരം ഇന്ത്യയുടെ നിലനില്പിനുവേണ്ടിയായിരുന്നു. അവരുടെ ദേശസ്നേഹം ഡൽഹി പൊലീസിന്റെ എഫ്ഐആർ കൊണ്ടോ കേന്ദ്ര സർക്കാരിന്റെ കൃത്രിമ അളവുകോലുകൾ കൊണ്ടോ തിട്ടപ്പെടുത്താൻ സാധ്യമല്ല.
ഇപ്പോൾ ഇത്തരമൊരു എഫ്ഐആറിലൂടെ കർഷക സമരത്തെ രാജ്യവിരുദ്ധമായി പ്രഖ്യാപിക്കുമ്പോൾ പതിവുപോലെ ഒരു ചോദ്യം നരേന്ദ്ര മോഡിക്കു നേരെയാണ് ഉയരുന്നത്. കർഷകസമരം അവസാനിപ്പിക്കുന്ന വേളയിൽ മോഡി രാജ്യത്തോട് മാപ്പ് പറഞ്ഞത് എന്തിനായിരുന്നു എന്നതാണത്. ഓർമ്മയില്ലേ, രാജ്യത്തോടും കർഷകസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന ആമുഖത്തോടെ രാജ്യത്തോട് സംസാരിച്ചത്. കർഷക കരിനിയമം പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. അപ്പോൾ ആരാണ് യഥാർത്ഥത്തിൽ ദേശവിരുദ്ധർ.