Site iconSite icon Janayugom Online

നിങ്ങളുടെ ഭാഷ ഞങ്ങള്‍ പറഞ്ഞാലെന്താ…

എഡിജിപി കെ പത്മകുമാര്‍ ആളൊരു മഹാരസികനാണ്. പണ്ട് സോളാര്‍ റാണി സരിതയുടെ ഒരു ‘നീല ആരോപണ’ മുണ്ടായിരുന്നു. തന്റെ ലൈംഗിക സിഡികള്‍ മുഴുവന്‍ അടിച്ചുമാറ്റിയതു പത്മകുമാറാണെന്ന്. പത്മകുമാറിന്റെ നൈസര്‍ഗിക വാസന തിരിച്ചറിഞ്ഞ ഡിജിപി അദ്ദേഹത്തെ ഈയിടെ ഒരു ദൗത്യമേല്പിച്ചു. ‘ചുരുളി’ സിനിമയിലെ അശ്ലീലസംഭാഷണങ്ങള്‍ കണ്ടുപിടിച്ച് അവയിലെ ശ്ലിലാശ്ലീലതകള്‍ വേര്‍തിരിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍. പത്മകുമാറും സംഘവും സിനിമ ഓസില്‍ കണ്ടു. അദ്ദേഹം സിനിമയിലെ പൊട്ടിത്തെറിക്കുന്ന തെറി വര്‍ത്തമാനം കേട്ട് ചെവിപൊത്തുമെന്നാണ് ജനം ധരിച്ചത്. ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പച്ചത്തെറികളുടെ കുത്തൊഴുക്ക്. പത്മകുമാറിന്റെ മുഖത്ത് ഒരു വിശ്വോത്തര സിനിമ കണ്ട അനുഭൂതിഭാവം. ഞങ്ങളുടെ പൊലീസുകാര്‍ ഇതിനെക്കാള്‍ മനോഹരമായ തെറി വിളിക്കും എന്ന ഒരു കുറവേ സിനിമയ്ക്കുള്ളു! സന്ദര്‍ഭത്തിനനുസരിച്ച വാക് പ്രയോഗങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ എന്നൊരു ക്ലീന്‍ സര്‍ട്ടിഫിക്കറ്റും. അമ്മയെ തെളിവിളിക്കേണ്ട സന്ദര്‍ഭത്തില്‍ അയല്‍ക്കാരനെ അസഭ്യം പറയുന്നതു പോലെയാകാമോ! പത്മകുമാര്‍ ഏമാന്റെ സര്‍ട്ടിഫിക്കറ്റു ലഭിച്ചതോടെ ചുരുളിയുടെ ആരാധകര്‍ പത്മകുമാറിന്റെ പൊലീസിനെ നോക്കി മുദ്രാവാക്യം മുഴക്കുന്നു, ‘നിങ്ങളുടെ ഭാഷ ഞങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കെന്താ പൊലീസേ!’ ശരിയല്ലേ തെറിവിളിക്ക് പൊലീസിനുമാത്രമായി ബൗദ്ധിക സ്വത്തവകാശം പതിച്ചു നല്കിയിട്ടില്ലല്ലോ! നമ്മുടെ വനം വകുപ്പിനെ പൂവിട്ടു പൂജിക്കണം. ഈ കൊറോണക്കാലത്ത് ജനത്തെ ചിരിപ്പിക്കാന്‍ ഇത്രയും വകകള്‍ ഒപ്പിക്കുന്ന വനം വകുപ്പിന് ഒരു പട്ടും വളയും നല്കേണ്ടതല്ലേ. കുറുക്കന്‍മൂലയിലെ കടുവകളിയായിരുന്നു ആദ്യ ഐറ്റം. ഒരു കടുവ നാട്ടിലിറങ്ങി കണ്ടമാനം പശുക്കളേയും ആടുകളേയും അകത്താക്കിയപ്പോള്‍ വനം വകുപ്പുകാര്‍ പറഞ്ഞു, ഇതു മലയാളി കടുവയല്ല, അന്യസംസ്ഥാന അതിഥികടുവയാണ്. നമ്മുടെ കടുവ ഇങ്ങനെയല്ല, അവന്‍ മടയനാണ്. നമ്മുടെ കടുവയെങ്കില്‍ അവന്‍ എപ്പോഴേ കൂട്ടില്‍ കയറുമായിരുന്നു, മയക്കുവെടിവയ്ക്കാന്‍ കണ്ണും പൂട്ടി നിന്നുതരുമായിരുന്നു. പരിക്കേറ്റ കടുവ ഉള്‍വനത്തിലെവിടെയോ ചത്തുമലച്ചപ്പോള്‍ വനം വകുപ്പു വേന്ദ്രന്മാര്‍ കൂടും കുടുക്കയുമെടുത്ത് സ്ഥലം കാലിയാക്കി. എന്നിട്ടുവിടുന്നോ’ കേരള സന്ദര്‍ശനം മതിയാക്കി കടുവ എയര്‍ലൈന്‍സ് വിമാനത്തില്‍ ബംഗളുരുവില്‍ വിമാനമിറങ്ങിക്കഴി‍ഞ്ഞു. കുറുക്കന്‍മൂലയിലെ കടുവകളി കഴിഞ്ഞപ്പോള്‍ ദേ പാലക്കാട് ഉമ്മിനിയില്‍ വനം വകുപ്പു വക സ്പെഷ്യല്‍ ഐറ്റം പുലിക്കളി. കാടിറങ്ങിയ കടുവ ഉമ്മിനിയിലിറങ്ങി ആളൊഴിഞ്ഞ വീടുകയറി സുഖപ്രസവം നടത്തി. രണ്ടു കു‍ഞ്ഞുങ്ങള്‍. പിന്നെ നേരെ കാട്ടിലേക്ക്. പുലിപ്പേടിയില്‍ ജനവും. വനം വകുപ്പ് കളി തുടങ്ങി.


ഇതുകൂടി വായിക്കാം;


രണ്ടു പുലിക്കുട്ടികളിലൊന്നിനെ കൂട്ടിനകത്തിട്ടശേഷം തള്ളപ്പുലി കു‍ഞ്ഞുങ്ങളെ കാണാന്‍ വരുമെന്നു കരുതി കാത്തിരുന്നു. നിരീക്ഷണകാമറ, മയക്കുവെടിസംഘം, മലപ്പുറം കത്തി തുടങ്ങി സര്‍വസന്നാഹങ്ങളും. രാത്രിയായപ്പോള്‍ പുലിയമ്മയെത്തി പുറത്തുനിന്നു കയ്യിട്ട് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മവച്ച് പുലിക്കുട്ടിയുമായി കാട്ടിലേക്ക്. വനം വകുപ്പ് രാജവെമ്പാലകളെ നോക്കി പല്ലിളിച്ച് പറഞ്ഞത്രേ; ‘പോമോനേ ശശീന്ദ്രാ. ഒരു കുഞ്ഞിനെ നീ വളര്‍ത്തിക്കോ’ ബുദ്ധിമതിയായ അമ്മപ്പുലി അന്യ സംസ്ഥാന അതിഥി പുലിയാണെന്നു പറയാന്‍ വല്ലാത്തൊരു ചമ്മല്‍. നമ്മുടെ പുട്ടിനെ ഭുവന പ്രസിദ്ധമാക്കിയ നടന്‍ ദിലീപിന് മലയാളക്കര നന്ദി പറയുക. എറണാകുളത്ത് ദിലീപ് തുടങ്ങിയ സംരംഭമായ ‘ദേ പുട്ട്’ എന്ന പുട്ടുകട കടല്‍ കടന്ന് അങ്ങു ദുബായ് വരെ എത്തിയിരിക്കുന്നു. ഖത്തറില്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ എത്തിയ ആളാകട്ടെ ദിലീപ് പ്രതിയായ നടിയാക്രമണക്കേസില്‍ കൂട്ടുപ്രതിയാകാന്‍ പോകുന്നുവെന്ന് ശ്രുതി. അതൊക്കെ ആ വഴിക്ക് പോകും. പുട്ട് പുട്ടിന്റെ വഴിക്കും. നമ്മുടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുഗാരു ഇതാ പുട്ടിന്റെ ബ്രാന്‍ഡ് അംബസഡറായിരിക്കുന്നു. ഈയിടെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും പത്നിക്കും വിളമ്പിയത് സ്വയമ്പന്‍ നാടനരി പുട്ട്. അനുസാരികളായി മട്ടന്‍, മുട്ടക്കറി, കടല, കൂട്ടുകറി ഇത്യാദി. ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട ഉപരാഷ്ട്രപതിയുടെ ചെവിയില്‍ ഭാര്യ മന്ത്രിച്ചുവത്രേ. പുട്ട് എങ്ങനെയുണ്ടാക്കണമെന്ന് അങ്ങോട്ടു ചോദിക്കു മനുഷ്യാ! ഭാര്യയെ അനുസരിക്കാതിരുന്നാല്‍ ഉപരാഷ്ട്രപതി ഭവനില്‍ നിന്നു കുടിയിറക്കില്ലേ. പുട്ടും കൂടെയുള്ള വിഭവങ്ങളും എങ്ങനെയുണ്ടാക്കാമെന്ന ഒരു സമ്പൂര്‍ണ പാചകപദ്ധതി പുസ്തകവും പുട്ടുകുറ്റികളുമായിട്ടായിരുന്നു വെങ്കയ്യാ ഗാരുവിന്റെ മടക്കയാത്ര. ഇത്തരം വിളമ്പല്‍ വിദ്യകളിലൂടെ ആരെയും പാട്ടിലാക്കാമെന്ന വിദ്യ കണ്ടുപിടിച്ചത് നമ്മുടെ മു‍ന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസാണ്. സോണിയയ്ക്കും മക്കള്‍ക്കും കുമ്പളങ്ങി സ്റ്റൈല്‍ തിരുതക്കറിയും കൊഞ്ചു പിക്കിള്‍സും കണവാ തോരനും സ്ഥിരമായി ‍ഡല്‍ഹിയില്‍ കൊണ്ടുപോയി വിളമ്പിയാണ് തോമസ് മാഷ് കേന്ദ്രമന്ത്രി സ്ഥാനം അടിച്ചെടുത്തതെന്ന് ശത്രുക്കള്‍ പറയുമെങ്കിലും ദേവിക അതു വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുമ്പളങ്ങിയിലെ തോമസ് മാഷിന്റെ അതിഥിയായെത്തി. സോണിയയെ വീഴ്ത്തിയ മട്ടില്‍ കുമ്പളങ്ങി സ്റ്റൈല്‍ സദ്യയാണ് വിളമ്പിയത്. പുട്ട്, കരിമീന്‍, ഫിഷ് മോളി, ഞണ്ട് ഉലത്തിയത്, മത്തിപൊരിച്ചത്, കള്ളപ്പം, ചെമ്മീന്‍ റോസ്റ്റ് അങ്ങനെയങ്ങനെ നീണ്ടു നീണ്ടു പോകുന്ന വിഭവങ്ങള്‍. കുമ്പളങ്ങി സദ്യ കഴിഞ്ഞതിനു ശേഷം ഗവര്‍ണര്‍ക്ക് ഒരു മനംമാറ്റമുണ്ടായോ എന്നു സംശയം. അദ്ദേഹം ചാന്‍സലര്‍ പദവി ഉപേക്ഷിക്കില്ലെന്നു ശ്രുതിയുണ്ട്. ചാന്‍സലര്‍ പദവി സര്‍ക്കാരിന് ഇട്ടെറിഞ്ഞ് പോകരുതെന്ന് ഗവര്‍ണറോട് തോമസ് മാഷ് ഉപദേശിച്ചിട്ടുണ്ടാവുമോ, ഗവര്‍ണറുടെ മനം മാറിയാല്‍ അതൊരു കുമ്പളങ്ങി സ്റ്റൈല്‍ മനം മാറ്റമാകുമോ!

Exit mobile version