Site icon Janayugom Online

അസമില്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട് ഇടിച്ച് നിരത്തുമെന്ന് ഉദ്യോഗസ്ഥര്‍

കരിംഗഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീടുകള്‍ ഇടിച്ച് നിരത്തുമെന്ന് ഭീഷണി. ഇന്ന് വോട്ടെടുപ്പ് നടന്ന മണ്ഡലത്തിലാണ് ബിജെപിക്കായി വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ രാജ് നടത്തി ഗ്രാമവാസികളെ ഒഴിപ്പിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നീതി തേടി ഗ്രാമീണര്‍ പ്രാദേശിക കോടതിയെ സമീപിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തിയാണ് ജനങ്ങളോട് ഭീഷണി സന്ദേശം മുഴക്കിയത്. വനം വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എം കെ യാദവ, ബിജെപി സ്ഥാനാര്‍ത്ഥി കൃപന്ത് മല്ല എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെ ഗ്രാമവാസികള്‍ പരാതി നല്‍കി. ഹലിയകണ്ടി ജില്ലയിലെ ബുട്ടുകുസി ഗ്രാമവാസികളാണ് ഭീഷണിയെക്കുറിച്ച് കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നുവാശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന പൊലീസില്‍ പരാതി നല്‍കിയാല്‍ ഫലമുണ്ടാകില്ലെന്ന് കാട്ടിയാണ് ജനങ്ങള്‍ കോടതിയെ സമീപിച്ചത്. 

ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കാണ് സൗദുല്‍ അലി, ദില്‍വര്‍ ഹുസൈന്‍, മേജ്മേന്‍ ലഹര്‍, അലിം നാസ എന്നിവര്‍ പരാതി നല്‍കിയത്. മുന്‍ വനം വകുപ്പ് സെക്രട്ടറി എം കെ യാദവയില്‍ നിന്നുള്ള ഭീഷണിയായതിനാല്‍ സംസ്ഥാനപൊലീസില്‍ നിന്ന് നീതിപൂര്‍വകമായ അന്വേഷണം നടക്കില്ല. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നു. 2024 ഫെബ്രുവരിയില്‍ വനം വകുപ്പ് മേധാവിയായി വിരമിച്ച എം കെ യാദവയെ ഹിമന്ത ബിശ്വശര്‍മ്മ വനം വകുപ്പ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. വിവാദ പുരുഷനായ ഉദ്ദേഹം സര്‍വീസ് കാലത്ത് തന്നെ പല വിവാദ നടപടികളിലും കുപ്രസിദ്ധനായ വ്യക്തിയാണ്. അഴിമതിയും സ്വജനപക്ഷപാതവും കാരണം നിരവധി ആരോപണം നേരിടുന്ന വ്യക്തിയാണ് യാദവ. 

കാസിരംഗ കടുവ പാര്‍ക്കില്‍ കടുവ സംരക്ഷണത്തിനുള്ള തുക വകമാറ്റി ചെലവഴിച്ചുവെന്ന ഗുരുതര ആരോപണവും യാദവക്കെതിരെയുണ്ട്. യാദവിയെ നിയമിച്ച ഹിമന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ നടപടിയെ അന്ന് തന്നെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കാട്ടരിയയ്ക്കും പരാതി നല്‍കിയിരുന്നു.
ഭീഷണയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുവെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബിജെപി സര്‍ക്കാരും നേതാക്കളും ഉദ്യോഗസ്ഥരും കടുത്ത പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും കമ്മിഷന്‍ നടപടി സ്വീകരിക്കത്തതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.

Eng­lish Sum­ma­ry: If you don’t vote for BJP in Assam, the offi­cials will demol­ish the house
You may also like this video

Exit mobile version