എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. 250 കൊടുത്താൽ ഏത് അലവലാതിക്കും ഫ്ലെക്സ് അടിക്കാമെന്നും നാല് നായൻമാർ രാജിവെച്ചാൽ എൻഎസ്എസിന് ഒന്നുമില്ല അദ്ദേഹം പറഞ്ഞു.പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ്‌കുമാര്‍.സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻഎസ്എസ് സമദൂര നിലപാടിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ അഭിപ്രായം പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല.
അദ്ദേഹം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ കുറിച്ച് നല്ലത് പറഞ്ഞു. നേരത്തെ മോശം പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സർക്കാരിനെ കുറിച്ചും കേന്ദ്ര സർക്കാരിനെ കുറിച്ചും നല്ലത് പറഞ്ഞിട്ടുണ്ട്. നിലവിൽ ശബരിമലയുടെ കാര്യത്തിൽ സർക്കാർ നല്ലത് ചെയ്തു എന്ന് പറഞ്ഞാൽ മറ്റുള്ളവരെല്ലാം മോശമാണെന്ന് അഭിപ്രായമില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ജി സുകുമാരന്‍ നായര്‍ കരുത്തുറ്റ നേതാവാണ്. അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് സമദൂര സിദ്ധാന്തവുമായാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

