ദുരന്തബാധിതർക്കായി നിർമിച്ച മാതൃക ടൗൺഷിപ്പിന്റെ ഉദ്ഘാടനവേദി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ഒറ്റ രാത്രിയിൽ എല്ലാം നഷ്ടമായപ്പോൾ പകച്ചുനിന്ന നാളുകളിൽ കൂടെ നിന്ന് ധൈര്യം പകർന്ന റവന്യു മന്ത്രി കെ രാജൻ അരികിൽ എത്തിയതും സന്തോഷാശ്രുക്കളുമായി അവർ ഓടിയെത്തി. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നന്ദിയും സ്നേഹവും അതിജീവിതർ പ്രകടിപ്പിച്ചു. മന്ത്രിക്കൊപ്പം കണ്ടു നിന്നവരും കണ്ണുകൾ തുടച്ചു.
സർക്കാരിനൊപ്പം പുതുജീവിതത്തിലേക്ക് കടക്കുകയാണ് പാറക്കള വീട്ടിൽ ശോഭന. ഒന്നാം സോണിൽ 92-ാ മത് നമ്പർ വീടിന്റെ പട്ടയം ഏറ്റു വാങ്ങുമ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ സുരക്ഷയും സ്ഥിരതയും വീണ്ടും കൈവന്നതിന്റെ സന്തോഷത്തിലാണ് ശോഭനയും കുടുംബവും. റവന്യു മന്ത്രി ചേർത്ത് പിടിച്ച് ധൈര്യം പകരുമ്പോൾ അവരുടെ അടക്കിപ്പിടിച്ച നൊമ്പരങ്ങൾ കണ്ണുനീരായി ഒഴുകി.
ചടങ്ങിൽ മന്ത്രി രാജൻ വൈകാരികമായി നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമുണ്ടായിരുന്നു. ഞങ്ങൾ കല്ലുമാത്രം ഇട്ടു പോകുന്നവർ അല്ല. കല്ലിന് മേലെ കല്ല് വെക്കും അതിന് മേലെ വീടുണ്ടാക്കുമെന്നായിരുന്നു രാജന്റെ പരിഹാസം. ടി സിദ്ദീഖ് എംഎൽഎയെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് ടൗൺഷിപ്പ് യാഥാർഥ്യമായത്. തെരഞ്ഞെടുപ്പ് വന്നാലും ഒരു ദിവസം പോലും നിർത്താതെ പുനരധിവാസ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകും. ഒരു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും ഇതിന് തടസ്സമാകില്ല. കാലവർഷം മഴത്തുള്ളിയായി വയനാട്ടിൽ പതിക്കുന്നതിന് മുമ്പ് ഈ നഗരത്തിൽ താമസക്കാർക്കുള്ള അവസാനത്തെ താക്കോലും കൈമാറുമെന്നും മന്ത്രി രാജൻ പറഞ്ഞു.
ടൗൺഷിപ്പിൽ വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവയ്ക്കില്ല. നിർമാണ പ്രവൃത്തി അഭംഗുരം മുന്നോട്ടു പോകും. ദുരന്തബാധിതർ ടൗൺഷിപ്പിലെ വീട്ടിലേക്ക് താമസം മാറുന്നത് വരെ അവർക്ക് വീട് വാടകയിനത്തിൽ 6000 രൂപയും ഉപജീവനത്തിനായി ഒരു കുടുംബത്തിന് പരമാവധി 18000 രൂപയും ഭക്ഷണ കൂപ്പൺ ഇനത്തിൽ 1000 രൂപയും പ്രതിമാസം നൽകുന്നത് തുടരും. ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കിയത് കേരളം ഒറ്റകെട്ടായാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ലെന്നും മന്ത്രി രാജൻ പറഞ്ഞു.
കല്ലിട്ടാൽ വീട് വെക്കും; മന്ത്രി കെ രാജൻ

