30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വിവിധ സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ച കേന്ദ്രവാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഫ്എഫ്കെയുടെ രാഷ്ട്രീയ നിലപാട് ശക്തമായി അടയാളപ്പെടുത്തുന്നതാണ് ചലച്ചിത്രമേളയുടെ ഈ പതിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎഫ്എഫ്കെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
19 സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റമാണുണ്ടായത്. ഭിന്നസ്വരങ്ങളെയും വൈവിധ്യമായ സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘ്പരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേ അറിയു, എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാർത്ഥവുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്ഹോപ്പുമായി ബന്ധപ്പെട്ടതാണ് ആ സിനിമ. ഹിപ്ഹോപ്പ് സംസ്കാരത്തിൽ ബീഫ് എന്നാൽ പോരാട്ടം, കലഹം എന്നൊക്കെയാണ് അർത്ഥം. ഇത് തിരിച്ചറിയാതെ ഇവിടുത്തെ ബീഫ് ആണെന്ന് കരുതി വാളെടുക്കുകയായിരുന്നു കേന്ദ്രസർക്കാരെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ സാങ്കേതിക നടപടിയല്ലിതെന്നും 30 വർഷം പ്രായമായ ഐഎഫ്എഫ്കെയെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അനുമതി നിഷേധിച്ച എല്ലാ സിനിമകളും വിലക്ക് മറികടന്ന് പ്രദർശിപ്പിക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ജനാധിപത്യവിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്കെ ഇവിടെ തന്നെയുണ്ടാകുമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നിൽ ഐഎഫ്എഫ്കെ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് ചെയർമാനുമായ സയീദ് മിർസയെ ആദരിച്ചു. ലെെഫ് ടെെം അച്ചീവ്മെന്റ് അവാര്‍ഡ് മൗറിത്തേനിയൻ സംവിധായകന്‍ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, വി ശിവൻകുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാൻ റസൂല്‍ പൂക്കുട്ടി, വെെസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരൻ, ഡോ. ദിവ്യ എസ് അയ്യര്‍, വി കെ പ്രശാന്ത് എംഎല്‍എ, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ, ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂല്‍, അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം സുവർണ ചകോരം നേടിയ “ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ്’ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.

