ചെറുകിട മേഖലയെ സഹായിക്കുന്നതും കമ്പോളത്തിന്റെ കുത്തകവല്‍കരണം തടയുന്നതിനും ആവശ്യമായ നടപടികളെടുക്കാൻ തീരുമാനിച്ച് 55-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം. ദീർഘകാലമായി കേരളം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് ഐജിഎസ്‌ടി മേഖലയിലെ കൃത്യത ഉറപ്പ് വരുത്തുക എന്നത്. ഇക്കാര്യത്തിലും കൗൺസില്‍ തീരുമാനം എടുത്തിട്ടുണ്ട്. കൃത്യമായി ഏത് സംസ്ഥാനത്ത് ഉള്ള വ്യക്തിക്കാണ് ഓണ്‍ലൈന്‍ സേവനം നൽകുന്നതെന്ന് ബില്ലിൽ രേഖപ്പെടുത്തണം എന്നതില്‍ വ്യക്തത വരുത്താനും കൗൺസിൽ തീരുമാനിച്ചു. നിലവിൽ അന്തർ സംസ്ഥാന ഇടപാടുകളിൽ പല വ്യക്തികളും എവിടെയ്ക്കാണ് സേവനം നല്കിയത് എന്നു രേഖപ്പെടുത്താത്തതിനാൽ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.
രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികൾ ബിസിനസുകൾക്ക് കെട്ടിടം വാടകയ്ക്ക് നല്‍കിയാൽ വാടകയ്ക്ക് എടുത്ത വ്യാപാരി റിവേഴ്‌സ് ചാർജ് അടിസ്ഥാനത്തിൽ ജിഎസ്‍ടി അടയ്ക്കണം എന്ന തീരുമാനം കഴിഞ്ഞ കൗണ്‍സില്‍ യോഗം എടുത്തിരുന്നു. എന്നാൽ അത്തരത്തില്‍ അടയ്ക്കുന്ന നികുതിയുടെ ക്രെഡിറ്റ് എടുക്കാൻ സാധിക്കാത്ത കോമ്പൊസിഷൻ സ്കീമിലുള്ള വ്യാപാരികൾക്ക് ഇതൊരു അധിക ബാധ്യത ആയി മാറി. ഇത്തവണത്തെ യോഗം കോമ്പൊസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടകയ്ക്കുമേൽ ഉള്ള റിവേഴ്‌സ് ചാർജ് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കാൻ തീരുമാനം എടുത്തു.
ഐജിഎസ്‍ടി സെറ്റില്‍മെന്റ് കൃത്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ജിഎസ്‌ടി കൗൺസിൽ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി ഐജിഎസ്‌ടി സെറ്റില്‍മെന്റ് സംബന്ധിച്ച വിവിധ വശങ്ങൾ പരിശോധിക്കുകയും സെറ്റിൽമെന്റ് കൂടുതൽ കൃത്യമാക്കുന്നതിന് നല്ല നിർദേശങ്ങൾ നൽകുകയും ഉണ്ടായി. ഇത്തരം പരിശോധന തുടർന്നും നടത്തി ഈ മേഖലയിൽ കൃത്യത ഉറപ്പ് വരുത്തുന്നത് സംസ്ഥാന ഖജനാവിന് കരുത്തേകുമെന്ന് കേരളം അറിയിച്ചു.