ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതികള്‍ കൃത്യം നടത്തന്‍ കത്തി വാങ്ങിയത് പത്തനംതിട്ട മാർക്കറ്റ് റോഡിൽ പൊലീസ് സ്റ്റേഷന് മുന്നിലുള്ള കടയിൽ നിന്നും. ഇന്നലെ രണ്ടാം പ്രതി ഭഗവല്‍സിംഗിനെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
കത്തി വാങ്ങിയത് പത്തനംതിട്ടയില്‍ നിന്നുമാണെന്ന് ഭഗവൽസിംഗ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ഉച്ചക്ക് 12.30 ന് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഭഗവല്‍സിംഗിനെ കറുത്ത തുണികൊണ്ട് മുഖം മറച്ചാണ് കൊണ്ടു വന്നത്.
മറ്റൊരു പൊലീസ് വാഹനത്തിൽ രണ്ടാംപ്രതി ലൈലയുമുണ്ടായിരുന്നു. ഭഗവൽസിംഗിനെ മാത്രമാണ് പുറത്തേക്ക് ഇറക്കിയത്.
പാലക്കാട് സ്വദേശികൾ ഓണത്തോടനുബന്ധിച്ച് ആരംഭിച്ച കടയാണിത്. രാമചന്ദ്രന്‍ കത്തികള്‍ എന്നാണ് കടയുടെ പേര്. മൂർച്ചയുള്ള വിവിധതരത്തിലുള്ള പാലക്കാടൻ കത്തികൾ ഇവിടെയുണ്ട്. കടയിലെ ജോലിക്കാർക്ക് ഭഗവൽ സിംഗിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ചില ജോലിക്കാർ മാറുകയും ചെയ്തിട്ടുണ്ട്. ഭഗവൽസിംഗുമായി തെളിവെടുപ്പിന് എത്തിയത് അറിഞ്ഞ് ധാരാളം ആളുകളും സ്ഥലത്ത് തടിച്ചുകൂടി. കടയില്‍ എത്തിച്ച ഭഗവല്‍സിംഗില്‍ നിന്നും വിവരങ്ങള്‍ പൊലിസ് ശേഖരിച്ചു. തുടർന്ന് പ്രതികളെയും കൊണ്ട് പൊലിസ് മലയാലപ്പുഴ ഭാഗത്തേക്ക് പോയി. ക്ഷേത്രത്തിന് സമീപം എത്തിയ ശേഷം തിരികെ ഒരുമണിയോടെ ഇലന്തൂരിലെ വീട്ടിലെത്തി. പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെയും നരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു.
ഭഗവത് സിംഗിനെ പുറത്തിറക്കി വീടിന് മുന്നിലൂടെ ഒഴുകുന്ന വലിയ തോട്ടിൽ പരിശോധന നടത്തി. ഇവിടെയാണ് പത്മയുടെ ഫോണ്‍ ഉപേക്ഷിച്ചെന്ന് പ്രിതകള്‍ സമ്മതിച്ചത്. മൊബൈല്‍ ഫോണിനായി മൂന്ന് മണിക്കുറോളം തോട്ടില്‍ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൂടിഒഴുകി പമ്പയാറ്റിലെത്തുന്ന കരിമരം തോടിന്റെ ഭാഗമാണ് തോട്. പൊലീസിന്റെ സഹായിയായ തിരുവല്ല സ്വദേശി സോമന്റെയും മറ്റ് രണ്ട് പ്രദേശവാസികളുടെയും സഹായത്തോടെയാണ് തോട്ടിൽ തിരച്ചിൽ നടത്തിയത്. മൊബെൽ എറിഞ്ഞ് കളഞ്ഞ ഭാഗം ഭഗത് സിംഗ് പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. അരയാള്‍ പൊക്കത്തില്‍ വെള്ളമുള്ളതിനാല്‍ തിരച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം തോടിന് മുകളിലെ ബണ്ട് അടച്ച് ജലനിരപ്പ് ക്രമീകരിച്ച ശേഷം വീണ്ടും തിരച്ചിൽ നടത്തും. തോട്ടില്‍ ഫോണ്‍ കണ്ടുകിട്ടാത്തതിനെ തുടര്‍ന്ന് കാടുപിടിച്ച് കിടന്ന സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഭഗവല്‍സിംഗിനെയും ഭാര്യ ലൈലയെയും തെളിവെടുപ്പിനായി വീടിനുള്ളിലേക്ക് കൊണ്ടുപോയി. തിരുമ്മുകേന്ദ്രത്തിലും വീട്ടിലും ഏറെ സമയം തെളിവെടുപ്പ് നീണ്ടു.
English Summary: Ilantoor Double Human Sacrifice: The knife was bought from Pathanamthitta and Padma’s phone left in the river
You may like this video also