കേരളം ഞെട്ടിയ ഇലന്തൂരിലെ ഇരട്ടനരബലി പ്രാകൃതകാലത്തേക്കാള്‍ അതിക്രൂരം. കേസന്വേഷിച്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പൈശാചികമായ കൊലപാതകം നടത്തിയ മൂന്ന് പ്രതികളെയും ജില്ലാ ജഡ്ജ് റിമാന്‍ഡിലയച്ചു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതി ലൈല എന്നിവരാണ് റിമാന്‍ഡിലായത്.
കൊച്ചിയില്‍ നിന്ന് പത്തനംതിട്ട ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി പത്മം, റോസിലി എന്നിവരെയാണ് ആഭിചാരക്രിയയിലൂടെ കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങളില്‍ കത്തി കുത്തിയിറക്കിയും തലയും അവയവങ്ങളും അറുത്തുമാറ്റിയും രക്തം ഊറ്റി വീടിനുചുറ്റും തളിച്ചും പിന്നീട് ശരീരം 56 കഷണങ്ങളാക്കി വെട്ടിനുറുക്കിയും കേട്ടാല്‍ ഭയക്കുന്നവിധമാണ് ഇരുവരെയും കൊന്നത്. ജീവനറ്റ ശരീരത്തിന്റെ ഭാഗങ്ങള്‍ കറിവച്ച് ഭക്ഷിച്ചതായും പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നരബലിയുടെ മുഖ്യ സൂത്രധാരന്‍ ഷാഫിയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച് നാഗരാജു പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ള ആളാണ് ഷാഫി. പത്മയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാളായ ലൈലയെക്കൊണ്ട് റോസിലിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിച്ചും കറിവച്ച് ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചും ഷാഫി കൊടുംക്രൂരകൃത്യം കണ്ടു രസിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷാഫി പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ പ്രതിയായിട്ടുണ്ട്. തെളിവുകള്‍ ലഭിക്കാതിരിക്കാനുള്ള ബുദ്ധിപൂര്‍വമായ ഇടപെടലുകളാണ് ഇയാള്‍ നടത്തിയിരുന്നത്. ഇലന്തൂരിലെ കൊലപാതകങ്ങള്‍ക്ക് നേരിട്ട് ബന്ധമുള്ള ഷാഫിയുടെ മൊബൈല്‍ ഫോണ്‍ മറ്റൊരു ടവര്‍ ലൊക്കേഷനിലായിരുന്നു.
ശാസ്ത്രീയമായി നടത്തിയ പരിശോധനകളും അന്വേഷണങ്ങളുമാണ് കുറ്റകൃത്യം തെളിയിക്കാന്‍ സഹായിച്ചതെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. കടവന്ത്ര പൊലീസിന് ലഭിച്ച പത്മ തിരോധാന പരാതിയുടെ അന്വേഷണത്തിനിടെയാണ് റോസിലിയുടെയും കൊലപാതകവും തെളിയുന്നത്. ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനുകളും കൊല്ലപ്പെട്ട സ്ത്രീകള്‍ ഇലന്തൂരില്‍ കൃത്യം നടന്ന വീട്ടിലെത്തിയത് കണ്ട സാക്ഷി മൊഴിയും അന്വേഷണത്തിന് ബലമേകി.
റിമാന്‍ഡിലായ പ്രതികളില്‍ ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും കാക്കനാട് ജയിലിലേക്കും ലൈലയെ എറണാകുളം വനിതാ ജയിലിലേക്കുമാണ് അയച്ചത്.
അന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം: നരബലി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കിയത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ് ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്‍പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍ എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബിപിന്‍ ടി ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
English Summary: Ilantur Double Human Sacrifice; Brutal, primitive
You may like this video also