Site icon Janayugom Online

ഇല്ലാകവിത

ല്ലാത്ത പുഴയിലെ

മീനുകൾക്ക്

ഇല്ലാത്ത പാലത്തിനുമുകളിൽ നിന്ന്

ചൂണ്ട കൊരുത്ത്

ഇല്ലാത്ത ആകാശവിചാരത്താൽ

മഴക്കുട ചൂടി

ഇല്ലാത്ത ദേഹത്തിന്റെ

പെരുംചൂടിൽ

വിയർത്തു കുളിച്ചു.

ഇല്ലാത്ത തിരക്കിൽ മയങ്ങി

ഇല്ലാത്ത വിശപ്പിൽ കുരുങ്ങി

ഞാൻ നിന്നു.നീയും നിന്നു.

ഇല്ലാത്ത മുറിവിന്റെ വിടവിൽ

ഉപ്പു തേച്ചുണക്കി

ഇല്ലാത്ത കാൽത്തണ്ടയിൽ

പച്ചകുത്തി വരച്ചു

ഇല്ലാത്ത കിളിയുടെ

കൊഞ്ചൽ വീണ്ടും കേട്ട്

ഇല്ലാത്ത സുര്യനെ ശപിച്ചു

ഇല്ലാത്ത മണ്ണിനെ കൊതിച്ചു

ഞാൻ നിന്നു. നീയും നിന്നു.

ഇല്ലാത്ത മരത്തിന്റെ

കാണാകൊമ്പിൽ ഊഞ്ഞാലിട്ട്

ഇല്ലാത്ത കഥയാൽ

പാൽപ്പായസം വെച്ചു

ഇല്ലാത്ത ഉടലാൽ പതുങ്ങി

പരകായ പ്രവേശനം നടത്തി

ഇല്ലാത്ത ചിറകാൽ

കാക്കയ്ക്ക് കിരീടം വെച്ചു

ഇല്ലാത്ത അമാവാസിക്കണ്ണ്

മുറുക്കെയടച്ചു

ഇല്ലാത്ത വേനൽത്തോണി

തുഴഞ്ഞു ചിരിച്ച്

ഇല്ലാത്ത മൗനങ്ങളിൽ

നിലവിളികളെ ഓമനിച്ച്

ഇല്ലാത്ത തൊട്ടിലിൽ മൗനത്തെ

ഉറക്കാൻ കിടത്തി

ഇല്ലാത്ത ഞാനും നീയും

ഇല്ലാത്ത കവിതയിൽ നിന്ന്

ഇല്ലാത്തയിടത്തേക്ക്

ഇല്ലാത്ത നേരത്ത്

ഇറങ്ങിപ്പോയിരിക്കുന്നു.

Eng­lish Sam­mury: Dr. Aryagopi’s New Poetry

Exit mobile version