Site iconSite icon Janayugom Online

അനധികൃത സ്വത്ത് സമ്പാദനം; എഡിജിപി അജിത്ത്കുമാറിനെ ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ്. ആഢംബര വീട് നിര്‍മ്മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ് പി വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡി യു എസ് പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പി വി അന്‍വർ നല്‍കിയ പരാതിയിലാണ് അന്വേഷണം. 

തന്റെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ കൈമാറി. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. എം ആർ അജിത് കുമാറിനെതിരെ സര്‍ക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിയിരുന്നു അന്വേഷണം.ആർ എസ് എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയർന്നത്. 

മലപ്പുറം മുൻ എസ് പി സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. കവടിയാറിൽ ആഡംബര ബംഗ്ലാവ് നിർമാണം, കുറവൻകോണത്ത് ചട്ടങ്ങൾ ലംഘിച്ച് ഫ്ലാറ്റ് വാങ്ങൽ, മലപ്പുറം എസ് പിയുടെ വസതിയിലെ മരം മുറിച്ച് കടത്തൽ, കള്ളക്കടത്ത് സ്വർണം മുക്കി എന്നിവയായിരുന്നു പ്രധാന ആരോപണങ്ങൾ. പി വി അന്‍വറിന്റെയും സാക്ഷികളുടെയും മൊഴി എടുത്ത ശേഷമായിരുന്നു ഒരാഴ്ച മുമ്പ് എഡിജിപി എം ആർ അജിത് കുമാറിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്. 

Exit mobile version