Site iconSite icon Janayugom Online

അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും ; കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോടികളുടെ പകുതി വില തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. അഞ്ച് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് നൽകിയത്. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇയാൾ 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ്. മാത്രമല്ല ഇഡിയുടെ പ്രാഥമിക വിവര ശേഖരണത്തിൽ തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. 

അതുപോലെ തന്റെ പേരിൽ കേസായതോടെ വിദേശത്തേക്ക് കടക്കാനും അനന്തു കൃഷ്ണൻ ശ്രമിച്ചെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ്‌ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. 

അതേ സമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.

Exit mobile version