കോഴിക്കോട് ജില്ലയിലെ കസബ, വളയനാട് വില്ലേജുകളിലായി കല്ലായി പുഴയുടെ തീരത്തെ അനധികൃത കയ്യേറ്റങ്ങൾ അധികൃതർ ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കസബ, വളയനാട് വില്ലേജുകളിലായുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. കസബ വില്ലേജിൽ 19 അനധികൃത കയ്യേറ്റ കേസുകളും കെട്ടിടങ്ങളുമാണുള്ളത്. ഇതിൽ ആറ് കെട്ടിടങ്ങളാണ് ഇന്നലെ പൊളിച്ചു നീക്കിയത്. നാല് കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ കെട്ടിട ഉടമകൾ സ്റ്റേ വാങ്ങിയിട്ടുണ്ട്. അനധികൃതമായി പുഴയോരത്ത് നാലു പേർ കയ്യേറിയ സ്ഥലം അധികൃതർ ഒഴിപ്പിച്ചു.
അഞ്ചുപേരുടെ കേസിൽ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും കൂടിച്ചേർന്ന് കാടുപിടിച്ച് കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വിശദമായ സർവ്വേ നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ വിജയൻ ടി എസ് വ്യക്തമാക്കി. ഡെപ്യൂട്ടി കലക്ടർ പുരുഷോത്തമൻ, തഹസിൽദാർ പ്രേംലാൽ, ഡെപ്യൂട്ടി തഹസിൽദാർമാരായ വിജയൻ ടി എസ്, നിത മോൾ, അനിൽ പുതിയേടത്ത്, ബാബുരാജൻ, സുജിത്ത് കുമാർ, കസബ വില്ലേജ് ഓഫീസർ ബീന, വളയനാട് വില്ലേജ് ഓഫീസർ അനൂപ് കുമാർ, മറ്റ് വില്ലേജ് ജീവനക്കാർ എന്നിവർ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നൽകി.
English Summary: Illegal encroachments on the banks of the Kallai River were vacated
You may like this video also