Site iconSite icon Janayugom Online

വാളറയിൽ അനധികൃത മരംമുറി: അഞ്ച് പേർ അറസ്റ്റിൽ

നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻകുഴി കോളനിയിലെ കൈവശ വന ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കുളമാൻകുഴി സ്വദേശികളായ ഗോപി ‚കർണ്ണൻ, സുതൻ, വാളറ സ്വദേശി ക്ലീറ്റസ്, പത്താം മൈൽ സ്വദേശി ലിജോ ജോസ് എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസർ എസ് എൽ സുനിലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇനി നാല് പേരെക്കൂടി പിടികൂടാനുണ്ട്.

കുളമാം കുഴിയിൽ നിന്നും 20 മരങ്ങളാണ് വെട്ടിയത്. പൂവം, വെള്ള അകിൽ അടക്കമുള്ള മരങ്ങൾ പല ഘട്ടങ്ങളിലായി വെട്ടിക്കടത്തുകയായിരുന്നു. എന്നാൽ മരം വെട്ടുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാണ്. വനം വകുപ്പ് ഓഫീസിന് സമീപത്തു നിന്നും തടി വെട്ടിവിറകും, കരിയുമായി കൊണ്ടുപോയത് ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്ന വാദം സംശയത്തിനിട നൽകുകയാണ്. തലക്കോട് ചെക്ക് പോസ്റ്റ് വഴി ലോഡുകണക്കിനു് തടി കടന്നു പോയത് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.

ദേശീയപാതയ്ക്ക് സമീപം കരിക്ക് വിറ്റവർക്കെതിരെ കേസെടുക്കുകയും, കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തത് മൂലം പ്രദേശവാസികൾ വനം വകുപ്പിനെതിരെ തിരിയുന്ന സാഹചര്യമുണ്ടാക്കുകയും, സംഭവം വിവാദമാകുകയും ചെയ്തിരുന്നു. ലക്ഷങ്ങൾ വിലമതിയ്ക്കുന്ന മരങ്ങൾ വെട്ടിക്കടത്തിയത് വാർത്തയായതോടെയാണ് വനം വകുപ്പ് പ്രതികളെ അറസ്റ്റു ചെയ്തത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, ജയദാസ് ‚മധു, കെ എം ലാലു, അബ്ദുൾ കരിം, നോബിൾ, രാജീവ്, ദീപ്തി, ജ്യോതി ലക്ഷമി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Eng­lish Sum­ma­ry: Ille­gal felling of trees in Valara­yar: Five arrested
You may also like this video

 

Exit mobile version