ന്യൂസിലന്‍ഡിലേക്കുള്ള അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. കോമ്പിറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (സിഎപി) നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുള്ള നഴ്സിങ് പ്രൊഫഷണലുകൾ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്.
സിഎപിയില്‍ പങ്കെടുക്കാനുള്ള വിസിറ്റിങ് വിസയ്ക്ക് ഉദ്യോഗാർത്ഥികൾ ഏജന്റുമാർക്ക് വൻതുക നൽകുന്നുണ്ട്. സിഎപി പൂർത്തിയാക്കിയിട്ടും നഴ്സിങ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മിഷണർമാർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലന്‍ഡിൽ ഉണ്ടായിരുന്ന നഴ്സിങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന് ഇന്ത്യൻ എംബസി അറിയിച്ചു. ന്യൂസിലന്റിലെ നഴ്സിങ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാനാകും. റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികത ഉറപ്പാക്കാൻ https://emigrate.gov.in/ പോർട്ടൽ സന്ദർശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ‑മെയിലുകൾ വഴിയും, 04712721547 എന്ന ഹെൽപ്‍ലൈൻ നമ്പറിലും അറിയിക്കാം.