Site iconSite icon Janayugom Online

ഞാൻ തടവിലല്ല, അനാവശ്യ പ്രചാരണങ്ങൾ നടത്തരുത്; മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്നും നിമിഷ പ്രിയയുടെ അമ്മ

ഞാൻ യെമനിൽ ആരുടെയും തടവിലല്ലെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങൾക്കായി ഒരു വർഷത്തോളമായി പ്രേമകുമാരി യെമനിലാണ്. നിമിഷപ്രിയയുടെ കാര്യങ്ങൾക്കായി സാമുവൽ ജെറോം കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പോയി. 

തനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോയതെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കി. സ്വന്തം അമ്മയെ എങ്ങനെ നോക്കുന്നോ അതേ സംരക്ഷണത്തിലാണ് ഞാൻ സാമുവേൽ സാറിന്റെ വീട്ടിൽ കഴിയുന്നത്. ദിവസവും എന്നെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. ആരും എന്നെ നിർബന്ധിച്ച് ഇവിടെ പിടിച്ച് വച്ചിട്ടില്ല. അനാവശ്യ പ്രചാരണങ്ങൾ തന്നെ വിഷമിപ്പിക്കുന്നു എന്നും പ്രേമകുമാരി പറഞ്ഞു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയില്‍ പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഏപ്രിൽ 20 മുതൽ യെമനില്‍ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.

Exit mobile version