Site iconSite icon Janayugom Online

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 14കാരന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് നഗ്‌ന ദൃശ്യങ്ങളുടെ കൂടെ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാര്‍ത്ഥി പിടിയില്‍. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരന്‍ വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും, സ്‌കൂള്‍ ഗ്രൂപ്പുകളില്‍ നിന്നുമെടുത്ത കൗമാരക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തത്.

കുട്ടിക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിരവധി വിദ്യാര്‍ത്ഥിനികളാണ് ഇത്തരത്തില്‍ സൈബര്‍ അതിക്രമത്തിന് ഇരയായത്. നിര്‍മിച്ചെടുത്ത വ്യാജ ഫോട്ടോകള്‍ നിരവധി ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകള്‍ വഴി ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും അയച്ചു ഭീഷണി പെടുത്തുകയാണ് കൗമാരക്കാരന്‍ ചെയ്തത്. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍പ്പെടാതിരിക്കാന്‍ വിപിഎന്‍ സാങ്കേതിക വിദ്യയും, ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നഗ്‌നശരീരത്തോടൊപ്പം മോര്‍ഫ് ചെയ്തു നിര്‍മിച്ചു പ്രചരിപ്പിച്ചത്.

ആയിരക്കണക്കിന് ഐ പി അഡ്രസുകള്‍ വിശകലനം ചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളില്‍ നിന്നും ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പൊലീസ് വിദ്യാര്‍ത്ഥിയിലേക്ക് എത്തിയത്. അന്വേഷണ സംഘത്തില്‍ എഎസ്ഐ ജോയ്‌സ് ജോണ്‍, എസ് സി പി ഒ കെ എ സലാം, സിപിഓമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവരും ഉണ്ടായിരുന്നു.

ജാഗ്രത പാലിക്കണം: പദം സിങ്
കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കൗമാരക്കാര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെയും സിം കാര്‍ഡിന്റെയും നിയമപരമായ ഉടമസ്ഥാവകാശം മാതാപിതാക്കള്‍ക്ക് ആയിരിക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Eng­lish Summary:Images of female stu­dents were mor­phed and cir­cu­lat­ed; 14-year-old arrested
You may also like this video

Exit mobile version