Site iconSite icon Janayugom Online

ഇംപീച്ച്‌മെന്റ്: യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ ഭാഗമായി അന്വേഷണ സമിതി രൂപീകരിച്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ തീരുമാനം ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചു. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര വര്‍മ്മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയങ്ങള്‍ പരിഗണനയ്ക്ക് എത്തിയാല്‍ ഇരു സഭകളുടെയും നേതൃത്വം കൂടിയാലോചന നടത്തിയേ അന്വേഷണ സമിതിയെ പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥ ഉയര്‍ത്തിയാണ് ജസ്റ്റിസ് വര്‍മ്മ കോടതിയെ സമീപിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലും വര്‍മ്മയെ പുറത്താക്കാന്‍ പ്രമേയങ്ങള്‍ എത്തിയ സാഹചര്യത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ഏകപക്ഷീയമായ തീരുമാനം ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാണ് ഉയര്‍ത്തിയത്.

രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലും ലോക്‌സഭയില്‍ ഭരണപക്ഷത്തിന്റെ നേതൃത്വത്തിലുമാണ് ഇംപീച്ച്മെന്റ് നോട്ടീസുകള്‍ ലഭിച്ചത്. അന്നത്തെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്‌ദീപ് ധന്‍ഖര്‍ പ്രതിപക്ഷ നോട്ടീസിന് പച്ചക്കൊടി കാട്ടിയതോടെ സര്‍ക്കാര്‍ ചുവപ്പുകാര്‍ഡുമായി രംഗത്തെത്തി. തുടര്‍ന്ന് ധന്‍ഖര്‍ അന്നുതന്നെ രാജിവച്ച് ഒഴിഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസ് തള്ളുകയും ചെയ്തു.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന വര്‍മ്മയുടെ ഓദ്യോഗിക വസതിയിലെ ഔട്ട് ഹൗസില്‍ തീയണയ്ക്കാന്‍ എത്തിയ ഫയര്‍ ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകളുടെ കൂമ്പാരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സ്ഥലം മാറ്റി. ഹൈക്കോടതി ജസ്റ്റിസിനെ പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ജസ്റ്റിസ് വര്‍മ്മ നിയമവും ചട്ടവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് വര്‍മ്മയ്ക്ക് സര്‍വീസില്‍ നിന്നും പുറത്തേക്കുള്ള വഴി സുഗമമായി. ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയും ലോക്‌സഭാ സ്പീക്കര്‍ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് ഹാജരായത്.

Exit mobile version