ട്രംപിന്റെ പകരച്ചുങ്കം രാജ്യത്തെ ആഭരണ കയറ്റുമതിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍. 3,200 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ രത്ന — ആഭരണ കയറ്റുമതിയില്‍ കുത്തനെ ഇടിവ് നേരിടുകയാണിപ്പോള്‍. യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ, ഇന്ത്യയിലെ ആഭരണങ്ങളുടെ ഏറ്റവും വലിയ വിപണിയായ വിദേശ വില്പനയ്ക്ക് തുരങ്കംവയ്ക്കുന്നതാണെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും കൂടുതല്‍ തീരുവയാണ് ഇന്ത്യക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് മുന്‍നിര വജ്രാഭരണ നിര്‍മ്മാതാക്കളില്‍ ഒരാളായ കാമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ കോളിന്‍ ഷാ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഇത് കയറ്റുമതിയെ വളരെ ഗുരുതരമായി ബാധിക്കുമെന്നും വ്യക്തമാക്കി. ലോകമെമ്പാടും സംസ്കരിക്കുന്ന ഓരോ 10 വജ്രങ്ങളില്‍ ഒമ്പതും ഇന്ത്യയിലാണ്. വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനുമുള്ള ലോകത്തെ ഏറ്റവും വലിയ കേന്ദ്രവും ഇന്ത്യ തന്നെയാണ്.
ഇന്ത്യയുടെ വാര്‍ഷിക രത്നാഭരണ കയറ്റുമതി 3,200 കോടി ഡോളറാണ്. ഇതിന്റെ 30.4 ശതമാനമോ, ഏകദേശം 1000 കോടി ഡോളറോ അമേരിക്കയില്‍ നിന്നാണ്. എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് ശേഷം ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് രത്നങ്ങളും ആഭരണങ്ങളുമാണ്. ഈ മേഖലയില്‍ രാജ്യത്ത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ട്.
2023–24 സാമ്പത്തിക വര്‍ഷം കയറ്റുമതി 14.5 ശതമാനം ഇടിഞ്ഞ് 3,230 കോടി ഡോളറിലെത്തിയിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതി കുറഞ്ഞതും തിരിച്ചടിയായെന്ന് കോളിന്‍ ഷാ പറഞ്ഞു. ഇന്ത്യ‑യുഎസ് വ്യാപാര കരാറിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് രത്നാഭരണ കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഷൗനക് പരീഖ് പറഞ്ഞു.

