Site iconSite icon Janayugom Online

ആയുധ ഇറക്കുമതി; ഇന്ത്യ മുന്നില്‍

2019 മുതല്‍ 23 വരെ ആയുധ ഇറക്കുമതിയില്‍ ഒന്നാമതായിരുന്ന ഇന്ത്യ ഇത്തവണ രണ്ടാംസ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ആഗോള ആയുധ ഇറക്കുമതിയുടെ 8.3 ശതമാനം വിഹിതവുമായാണ് രണ്ടാമതായതെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്റി) പുതിയ റിപ്പോര്‍ട്ട് പറയുന്നു. റഷ്യയുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഉക്രെയ്നാണ് ഇത്തവണ ഒന്നാമത്. അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ആയുധവിതരണക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി റഷ്യയെ ആശ്രയിക്കുന്നത് 64 ശതമാനം കുറഞ്ഞു. വന്‍തോതില്‍ ആയുധ വൈവിധ്യവല്‍ക്കണം നടത്തുന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ‑റഷ്യ ബന്ധം സൗഹാര്‍ദമായി മുന്നോട്ട് പോകുന്നെന്ന് ഇരുകൂട്ടരും പരസ്യമായി പ്രഖ്യാപിച്ചെങ്കിലും പ്രധാന ആയുധങ്ങള്‍ ഇന്ത്യയിപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്. അവയില്‍ ഭൂരിപക്ഷവും പാശ്ചാത്യ വിതരണക്കാരില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഫ്രാന്‍സില്‍ നിന്നും ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയായിരുന്നു. എന്നാല്‍ യുഎസില്‍ നിന്നുള്ള മികച്ച മൂന്ന് ആയുധ ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇന്ത്യയില്ല. ലോകത്ത് പ്രധാന ആയുധ ഇറക്കുമതിക്കാരായി 162 രാജ്യങ്ങളാണുള്ളത്. ഇതില്‍ ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങള്‍ മൊത്തം ഇറക്കുമതിയുടെ 33 ശതമാനവും വഹിക്കുന്നു. യൂറോപ്പ് 28, പശ്ചിമേഷ്യ 27, അമേരിക്ക 6.2, ആഫ്രിക്ക 4.5 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ആഗോളതലത്തില്‍ ആയുധങ്ങള്‍ വാങ്ങുന്നതില്‍ 35 ശതമാനവും ഉക്രെയ്ന്‍, ഇന്ത്യ, ഖത്തര്‍, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ്. റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് 2022 ഫെബ്രുവരി മുതല്‍ പല രാജ്യങ്ങളും ആയുധങ്ങള്‍ നല്‍കിയതിനാല്‍ ആഗോള ഇറക്കുമതിയുടെ 8.8 ശതമാനവും ഉക്രെയ്‌നിലേക്കായി. പ്രധാന ആയുധവിതരണക്കാര്‍ അമേരിക്കയാണ്. വിപണിയുടെ 37 ശതമാനവും ഇവരുടേതാണ്. റഷ്യ 17, ചൈന 14 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങള്‍. 1990–94ന് ശേഷം ആദ്യമായി ചൈന മികച്ച 10 ഇറക്കുമതിക്കാരുടെ പട്ടികയില്‍ നിന്ന് ഇത്തവണ പുറത്തായി. ഇന്ത്യ തദ്ദേശീയമായി ആയുധങ്ങള്‍ ഉല്പാദിപ്പിക്കുകയും കയറ്റുമതി കരാറുകള്‍ ഉണ്ടാക്കുകയും ചെയ്തെങ്കിലും മികച്ച 25 ആയുധ കയറ്റുമതി രാജ്യങ്ങളില്‍ ഇടം നേടാനായില്ല. 

Exit mobile version