ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയെ മറികടന്ന് സൗദി അറേബ്യ വീണ്ടും രണ്ടാം സ്ഥാനത്ത്.
ആഗോള വിപണിയിലെ പ്രധാന ക്രൂഡ് ഓയില്‍ ഉപഭോക്താവാണ് ഇന്ത്യ. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സൗദി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം ഓഗസ്റ്റ് മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിലെ ഒന്നാം സ്ഥാനം ഇറാഖ് നിലനിര്‍ത്തി.
ഇന്ത്യയിലേക്ക് പ്രതിദിനം 8,63,950 ബാരലാണ് സൗദി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ജൂലൈ മാസത്തിനേക്കാള്‍ 4.8 ശതമാനം വര്‍ധനയാണിത്. എന്നാല്‍ ഇതേ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി, പ്രതിദിനം 8,55,950 ബാരലായിരുന്നു. ഇത് തൊട്ടു മുമ്പത്തെ മാസത്തേക്കാള്‍ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
രാജ്യത്തേക്കുള്ള ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 യുഎസ് ഡോളറില്‍ നിന്നും 16 ഡോളര്‍ വിലക്കിഴിവിലാണ് മെയ് മാസത്തില്‍ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്. ആ ഘട്ടത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ചൈനയ്ക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്കും ഉയര്‍ന്നു.
ഇറാഖ് റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ ഒമ്പത് ഡോളര്‍ കുറവിനാണ് ജൂണ്‍ മാസത്തില്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായി. ഇതിനിടെ വീണ്ടും വിലയിടിഞ്ഞപ്പോള്‍ സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവും ഉയര്‍ന്നതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
അതേസമയം രാജ്യത്തേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ആകെ വിഹിതത്തില്‍ ഒപെക് രാജ്യങ്ങളുടെ സംഭാവന താഴ്ന്നിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 59.80 ശതമാനം മാത്രമാണ് ഒപെക്കിന്റെ ഭാഗമായ എണ്ണയുല്പാദക രാജ്യങ്ങളില്‍ നിന്നുള്ളത്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. ക്രൂഡ് ഓയില്‍ ഉല്പാദിപ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറച്ചതാണ് ഒപെക്കിന്റെ വിഹിതം താഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
English Summary: Import of oil; Saudi Arabia overtakes Russia in second place again
You may like this video also